Skip to main content

ഗ്രാമീണ മേഖലയില്‍ പരിശോധനകളും നിരീക്ഷണവും  ഊര്‍ജിതമാക്കും

കോവിഡ് രോഗവ്യാപനം കൂടുന്ന ഗ്രാമീണ മേഖലയില്‍ വിവിധ                സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ പരിശോധനകളും നിരീക്ഷണങ്ങളും ഊര്‍ജിതമാക്കും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംയുക്ത റെയ്ഡുകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തണമെന്നും ആള്‍കൂട്ടം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ മേഖലകളിലും കോവിഡ് മാനദണ്ഡ പാലനം ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ഓഫീസുകളില്‍ മാസക് കൃത്യമായി ധരിക്കുവാനും  സാനിറ്റൈസറുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്താനും യോഗത്തില്‍ കര്‍ശന നിര്‍ദേശമുണ്ട്. കലക്‌ട്രേറ്റിലെ എല്ലാ ഓഫീസുകളും ഹരിതചട്ട പാലനത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി ഹരിത കാര്യാലയമെന്ന തലത്തിലേക്ക് ഉയരണമെന്നും കലക്ടര്‍ പറഞ്ഞു.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്  സംരക്ഷിത കുടുംബ കൂട്ടായ്മയും(സി സി ജി) വാര്‍ഡുതല നിരീക്ഷണ സമിതികളും സംയുക്തമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
മണ്‍ട്രോതുരുത്ത് ഉള്‍പ്പടെയുള്ള വിനോദ സഞ്ചാര മേഖലകളില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി യുടെ പ്രതിനിധി  എബ്രഹാം സാമുവലിന്റെ ചോദ്യത്തിന്റെ മറുപടിയായി റൂറല്‍ പൊലീസ് പ്രതിനിധി അറിയിച്ചു.
കോവിഡ് കാലത്ത് കെ എസ് ആര്‍ ടി സി താത്കാലികമായി   നിര്‍ത്തിവച്ചിരുന്ന ഗ്രാമീണ മേഖലയിലൂടെയുള്ള  കൊല്ലം-ആലപ്പുഴ-എറണാകുളം സര്‍വീസ് പുനരാരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ പ്രതിനിധി റീസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.293/2021)

 

date