ഐ സി ഡി എസ് കലണ്ടര്‍ പ്രകാശനം ചെയ്തു
വനിതാ ശിശുവികസനം ലക്ഷ്യമാക്കി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളും സേവനങ്ങളും ഉള്‍പ്പെടുത്തി ഇത്തിക്കര ഐ സി ഡി എസ് തയ്യാറാക്കിയ കലണ്ടറിന്റെ പ്രകാശനം നടന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എന്‍ സദാനന്ദന്‍ പിള്ള പരവൂര്‍ മുന്‍സിപ്പാലിറ്റിയിലെ അങ്കണവാടി ജീവനക്കാരിയായ ഷീബയ്ക്ക് കലണ്ടര്‍ നല്‍കി പ്രകാശനം നിര്‍വഹിച്ചു.
സാമൂഹ്യനീതി വകുപ്പും സുരക്ഷാ മിഷനും രൂപം നല്‍കിയിട്ടുള്ള വിവിധ പദ്ധതികളുടെ വിവരങ്ങള്‍, ഹൈടെക് നിലവാരം ലക്ഷ്യമാക്കി ജി എസ് ജയലാല്‍ എം എല്‍ എയുടെ പ്രദേശിക വികസന പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന പൊന്‍കിരണം പദ്ധതിയുടെ വിശദാംശങ്ങള്‍, കുട്ടികളുടെ വളര്‍ച്ചാ വികാസങ്ങളുടെ തോത് അളക്കുന്ന പട്ടികകള്‍, സമീകൃതാഹാരം സംബന്ധിച്ച വിവരങ്ങള്‍, വിവിധ ദിനാഘോഷങ്ങളുടെ സമയക്രമങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. ഇത്തിക്കര ഐ സി ഡി എസിന് കീഴിലുള്ള 193 അങ്കണവാടികളിലും കലണ്ടര്‍ വിതരണം ചെയ്തു.
വനിതാ ശിശുവികസനം ലക്ഷ്യമാക്കി ഒട്ടേറെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഇത്തിക്കര ഐ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ആദ്യമായി ഐ സി ഡി എസ് സേവനങ്ങളേയും പദ്ധതികളേയും ഉള്‍പ്പെടുത്തി ഇത്തിക്കര ഐ സി ഡി എസ് ഡയറി 2020 പുറത്തിറക്കിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഭിന്നശേഷിയില്‍പ്പെട്ട കുട്ടികള്‍ക്ക് ശാരീരിക-മാനസിക വികസനം ലക്ഷ്യമാക്കി ചാത്തന്നൂര്‍ ബിവെറ്റ് പബ്ലിക് സ്‌കൂളുമായി സഹകരിച്ച് സ്നേഹകൂട്ടായ്മയെന്ന വാട്‌സാപ്പ് ഗ്രൂപ്പും ഐ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം ആശാ ചടങ്ങില്‍ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു, ശ്രീലാല്‍, ശര്‍മ്മ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ശംഭു, ശിശു വികസന പ്രൊജക്ട് ഓഫീസര്‍ രഞ്ജിനി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍മാരായ ധനലക്ഷ്മി, ദീപ, സരോജം, സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.296/2021)
- Log in to post comments