Skip to main content

കുടുംബാരോഗ്യത്തിലൂടെ സാമൂഹ ആരോഗ്യം

 

ജില്ലയില്‍ 166 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാകുന്നു
 

കുടുംബങ്ങളില്‍ നിന്നാരംഭിച്ച് സമൂഹമാകെ ഉറപ്പാക്കുന്ന ആരോഗ്യ പരിരക്ഷ ലക്ഷ്യമിട്ട് പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളായി മാറ്റുന്നു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 166 ഉപ കേന്ദ്രങ്ങളാണ് ഇത്തരത്തില്‍ ശാക്തീകരിക്കുന്നത്. ഇതിനായി 6.63 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 71 പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുക. ഈ കേന്ദ്രങ്ങളില്‍ ഏഴ് ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അടുത്ത മാസം തുടക്കമാകും. പിന്നീട് ജില്ലയിലെ 589 ആരോഗ്യ ഉപകേന്ദ്രങ്ങിലേക്കും പദ്ധതി വ്യാപിപ്പിക്കും.
 

ഓരോ കുടുംബങ്ങളുടേയും ആരോഗ്യ സംബന്ധമായ വിഷയങ്ങളില്‍ നിരന്തരം ഇടപെട്ട് ജനങ്ങള്‍ക്കെല്ലാം സമഗ്രമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് ഈ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആരോഗ്യ വകുപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ജീവിത ശൈലീ രോഗങ്ങള്‍ സംബന്ധിച്ചും പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാധ്യതകളെകുറിച്ചും വ്യക്തമായ വിവര ശേഖരണം നടത്തി രോഗ വ്യാപനത്തിനുള്ള സാധ്യതകള്‍ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളിലൂടെ കാര്യക്ഷമമാക്കും. വിവിധ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ കണ്ടെത്തി പ്രാഥമിക കൗണ്‍സലിങ് നല്‍കുന്നതിനൊപ്പം തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ചികിത്സയും ഉറപ്പാക്കും.
 

ആദിവാസി മേഖലകളും തീര പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുന്നത്. പോഷണം, ജീവിതശൈലീ രോഗ നിയന്ത്രണം, മാനസികാരോഗ്യം, ശിശു ക്ഷേമം, വയോജനാരോഗ്യം, വനിതാരോഗ്യം, കൗമാര ആരോഗ്യം, പകര്‍ച്ചവ്യാധി പ്രതിരോധം, പ്രഥമ ശുശ്രൂഷ, കൗണ്‍സലിങ് തുടങ്ങിയ സേവനങ്ങളാണ് ഓരോ ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളിലുമുണ്ടാകുക. ജൂനിയര്‍ പബ്ലിക് നഴ്സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സമൂഹ ആരോഗ്യ പരിരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വാര്‍ഡ്തല ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തി പ്രാദേശികമായുള്ള പ്രാഥമിക ആരോഗ്യ ആവശ്യങ്ങള്‍ ഉറപ്പാക്കുകയും ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളുടെ ലക്ഷ്യമാണ്.

date