Skip to main content

"ഭൂമി ബ്ലേഡിൽ മുറിയില്ല": ജയരാമന്  മന്ത്രിയുടെ ഉറപ്പ്

 

"ഭൂമി ഫൈനാൻസുകാർ കൊണ്ട് പോകില്ല, ഞാൻ ഇടപെടും. വിഷമിക്കേണ്ട".. ഭൂമി കൈവിട്ടു പോകുമോ എന്ന ആശങ്കയിലെത്തിയ ജന്മനാ ഉയരക്കുറവുള്ള ജയരാമനെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് സാന്ത്വനിപ്പിച്ചാണ് അദാലത്തിൽ നിന്ന് യാത്രയാക്കിയത്. അധ്വാനിച്ചു നേടിയ ഭൂമി സ്വകാര്യ ഫൈനാൻസ് കമ്പനി അന്യാധീനപ്പെടുത്തിയ സങ്കടവുമായാണ് പൊതുപ്രവർത്തകൻ കൂടിയായ വരന്തരപ്പിള്ളി തളിയക്കാടൻ ജയരാമൻ അദാലത്തിലെത്തിയത്. 

2001ലാണ് വരന്തരപ്പിള്ളി വില്ലേജിൽ ഉൾപ്പെട്ട പുലിക്കണ്ണിയിലുള്ള 94 സെന്റ് സ്ഥലവും ഓടിട്ട പുരയിടവും ജയരാമൻ സ്വകാര്യ ഫൈനാൻസ് കമ്പനിയിൽ നിന്ന് ലോണെടുക്കാൻ പണയപ്പെടുത്തുന്നത്. മൂന്ന് ലക്ഷം രൂപയാണ് ലോണെടുത്തത്. മുതലും പലിശയും കുറേശ്ശെയായി അടച്ചും കൊടുത്തിരുന്നു. എന്നാൽ 2007ൽ ഫൈനാൻസ് കമ്പനി ഉടമ ഭൂമി പണയമല്ല തീറാണ് തന്നതെന്ന് ഭീഷണിപ്പെടുത്തി ഭൂമി വളച്ചു കെട്ടി അധീനതയിലാക്കി. ഇതിനെതിരെ 2007ൽ ഇരിങ്ങാലക്കുട അഡീഷണൽ മുൻസിഫ് കോടതിയിലും 2009ൽ തൃശൂർ ജില്ലാ കോടതിയിലും കേസ് ഫയൽ ചെയ്തു. ഭൂമി ജയരാമനറിയാതെ കൈമാറാൻ പാടില്ലെന്ന് ജില്ലാ കോടതി വിധിയും പ്രഖ്യാപിച്ചു. എന്നാൽ അപ്പോഴേക്കും ഭൂമി ബിനാമി പേരിൽ ഫൈനാൻസ് കമ്പനി ഉടമ അന്യാധീനപ്പെടുത്തിയിരുന്നു. 

ഉയരക്കുറവിനെ മറികടന്ന് 13 വർഷമായി സജീവ പൊതുപ്രവർത്തകനായ ജയരാമന് സ്വന്തം ഭൂമിയ്ക്ക് വേണ്ടി ഓടേണ്ടി വന്നത് 14 വർഷങ്ങൾ. സിവിൽ സർവീസിന് പഠിക്കുന്ന മകളും ക്ഷേത്ര പൂജാരിയായ മകനും ഭാര്യയുമടങ്ങുന്ന കുടുംബം പോരാട്ടങ്ങൾക്ക് കൂട്ടായി. നിരവധി മധ്യസ്ഥതയ്ക്കും ഇടപെടലുകൾക്കും ഒടുവിൽ മന്ത്രിമാർ ആരെങ്കിലും ഇടപെട്ടാൽ കേസ് ഒത്തുതീർപ്പാക്കാമെന്ന് കമ്പനി ഉടമ സമ്മതിച്ചു. 

ഇതിനിടയിലാണ് സംസ്ഥാന സർക്കാർ സാന്ത്വന സ്പർശം അദാലത്തുമായെത്തുന്നത്. മന്ത്രിമാർ നേരിട്ട് സംവദിക്കുമെന്നറിഞ്ഞ ജയരാമൻ അപേക്ഷ നൽകി കാത്തിരുന്നു. ഫൈനാൻസ് കമ്പനിയ്ക്കെതിരെയുള്ള പരാതിക്കൊപ്പം മറ്റ് രണ്ട് അപേക്ഷകളും ജയരാമൻ കൂടെ കൂട്ടിയിരുന്നു. വരന്തരപ്പിള്ളിയിലെ 30 സെന്റ് വനഭൂമി പട്ടയത്തിനുള്ള അപേക്ഷയാണ് ഒന്ന്. മറ്റൊന്ന് പുരയിടത്തിനോട് ചേർന്നുള്ള പുഴയോരം ഇടിയുന്നത് കെട്ടിത്തരണമെന്നുള്ളതും. രണ്ട് അപേക്ഷകളും പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.

date