Skip to main content

ജില്ലയിലെ ഊരുമിത്രങ്ങളുടെ പരിശീലനം പൂർത്തിയായി

 

 

ജില്ലയിലെ ആദിവാസി ഊരുകളിൽ പ്രവർത്തിക്കുന്ന ഊരുമിത്രം അഥവാ ഹാംലറ്റ് ആശാ പ്രവർത്തകർക്കുള്ള പരിശീലനം പൂർത്തിയായി. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിനുള്ള പരിശീലനം വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്നു. പതിനൊന്ന് പേർക്കുള്ള പരിശീലനമാണ് അതിരപ്പിള്ളിയിൽ നടന്നത്.

 

രണ്ടാമത്തെ ബാച്ചിനുള്ള പരിശീലനം വരന്തരപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. വാണിയംപാറ, വെള്ളാനിക്കര, പുത്തൂർ, എളനാട്, തോണൂർക്കര, മറ്റത്തൂർ, വരന്തരപ്പിള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഊരുമിത്രങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.

 

ജില്ലയിൽ ആകെ ഇരുപത്തിനാല് ഊരുമിത്രങ്ങളാണ് ആദിവാസി മേഖലയിലുള്ളത്. ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പ്രസവ ശേഷം കുഞ്ഞിന് എടുക്കേണ്ട പ്രതിരോധ കുത്തിവെയ്പ്പുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ, പ്രായമായവർ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ലഹരിയുടെ ഉപയോഗം സംബന്ധിച്ച ബോധവൽക്കരണം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്.

അതിരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിജീഷ്, വരന്തരപ്പിള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അജിത സുധാകരൻ,ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ ടി വി സതീശൻ, വിമുക്തി ജില്ലാ കോർഡിനേറ്റർ  കെ കെ രാജു, ആശാ കോർഡിനേറ്റർ എം യു മിനി തുടങ്ങിയവർ പങ്കെടുത്തു.

date