ആര്‍ദ്രം മിഷന്‍ പ്രകാരം 46 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കി; 5.03 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍
പൊതുജനാരോഗ്യം ലക്ഷ്യമിട്ടുള്ള രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം ഉള്‍പ്പെടെ ആര്‍ദ്രം മിഷന്‍ പദ്ധതിപ്രകാരം ജില്ലയില്‍ മൊത്തം 46 കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സജ്ജമാക്കി. 2017 - 18 ല്‍ ഒന്നാംഘട്ടമായി 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയത്. രണ്ടാംഘട്ടത്തില്‍ 45 പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതില്‍ 30 എണ്ണം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തിക്കൊണ്ടുളള ഉദ്ഘാടനം കഴിഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നാഷണല്‍ ഹെല്‍ത്ത് മിഷന്റ (എന്‍.എച്ച്.എം) നേതൃത്വത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വികസനം, കുടുംബാരോഗ്യകേന്ദ്രങ്ങള്‍ - താലൂക്ക് ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ എന്നിവയ്ക്കായി 503,37,671 രൂപയാണ് ചെലവഴിച്ചത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ആകുന്നതോടെ അടിസ്ഥാനസൗകര്യ വികസനം, മാനവശേഷി വര്‍ധിപ്പിക്കല്‍, വെയിറ്റിംഗ് ഏരിയ, ടോക്കണ്‍ സമ്പ്രദായം ഉള്‍പ്പെടെ നടപ്പാക്കി. ലഹരിവിരുദ്ധ പ്രവര്‍ത്തനം, ആരോഗ്യ ഭക്ഷണശീലം, ഹരിത പ്രോട്ടോക്കോള്‍ പാലനം, രോഗപ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ഉറപ്പ് വരുത്തും. ആര്‍ദ്രം മിഷന്‍ പ്രകാരം ജില്ലാശുപത്രിയില്‍ കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി സൂപ്പര്‍ സ്‌പെഷാലിറ്റി തസ്തികകള്‍ സൃഷ്ടിച്ചു. ജില്ലാ ആശുപത്രി ഒ.പി, വെയ്റ്റിങ്ങ് ഏരിയയുടെ നിര്‍മ്മാണവും ഇതിനോടകം പൂര്‍ത്തീകരിച്ചു.
- Log in to post comments