Skip to main content

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍   നല്‍കുന്നത് മെച്ചപ്പെട്ട ചികിത്സ - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പേരയം  ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ  പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് തീരദേശമേഖലയില്‍ ഫിഷറീസ് വകുപ്പ്  വിവിധ പദ്ധതികള്‍ തീരദേശ വികസന കോര്‍പ്പറേഷന്‍വഴി  നടപ്പിലാക്കി വരുന്നു.. ജില്ലയില്‍ ഫിഷറീസ് വകുപ്പിന് വേണ്ടി 114.69 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. 32 കോടി രൂപയുടെ പദ്ധതികളാണ് കുണ്ടറ മണ്ഡലത്തില്‍ നടത്തിയത്. കേരളത്തിലെ തീരദേശത്തെ   പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയെല്ലാം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഇതോടെ പ്രാഥമികാരോഗ്യ  കേന്ദ്രങ്ങളെല്ലാം ആരോഗ്യ പ്രതിരോധ കേന്ദ്രങ്ങള്‍ കൂടിയായി മാറുകയാണ്.  
  സംസ്ഥാനത്ത് വിദ്യാഭ്യാസ മേഖയ്ക്കായി  5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇങ്ങനെ സമഗ്ര മേഖലയിലും അസാധാരണ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
12 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു,

റിസപ്ഷന്‍,   എമര്‍ജന്‍സി മുറി,    ഫ്രീ ചെക്കപ്പ് മുറി , ഫാര്‍മസി,  ഫാര്‍മസി സ്റ്റോര്‍,  ക്ലിനിക്,  ഡ്രസിങ് റൂം,  ഇഞ്ചക്ഷന്‍ റൂം,  ഒബ്‌സര്‍വേഷന്‍ റൂം, ഒബ്‌സര്‍വേഷന്‍ റൂം, ഓട്ടോ ക്ലേവ് റൂം, നെബുലൈസേഷന്‍ റൂം, നഴ്‌സുമാര്‍ക്കുള്ള മുറി,  ടോയ്ലെറ്റുകള്‍, തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള രണ്ടുനില കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി 1.68 രൂപയാണ് വിനിയോഗിക്കുന്നത്.
തീരദേശ മേഖലയുടെ സാമൂഹ്യ ആരോഗ്യ വികസനത്തിന്റെ   അടിസ്ഥാനസൗകര്യ ത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്  തീരദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍,  പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍,  തീരദേശ ആശുപത്രികള്‍ എന്നിവിടങ്ങളിലെ  പശ്ചാത്തല സൗകര്യ വികസനം മറ്റു ഭൗതിക സൗകര്യം തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് തീരദേശ വികസന കോര്‍പ്പറേഷന്‍ വഴി നിരവധി പദ്ധതികള്‍ നടപ്പിലാക്കിവരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പേരയം        പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
പേരയം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര അധ്യക്ഷനായ  ചടങ്ങില്‍ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്യാം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബി സുരേഷ്, ബിനോയ് ജോര്‍ജ്, തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എന്‍ജിനീയര്‍ അന്‍സാരി, പേരയം  പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബെര്‍ട്ടില്ല  ബെഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.406/2021)

 

date