Skip to main content
ജില്ലാ ഇൻഫർമേഷൻ ഓഫീസിനു വേണ്ടി  ഒരു സ്വപ്നം പോലെ എന്ന  ഹ്രസ്വ  സിനിമയുടെ സംവിധായകൻ ഷെറീഫ് ഈസക്ക്  തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി  ഉപഹാരം നൽകുന്നു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിച്ച ഹ്രസ്വ ചിത്രങ്ങള്‍ പുറത്തിറക്കി

കേരള ജനതയുടെ ജീവിതം പ്രകാശ പൂര്‍ണമാക്കിയ പിണറായി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ആധാരമാക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഒരുക്കിയ ഹ്രസ്വ സിനിമകളുടെ പ്രദര്‍ശന ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ തുറമുഖ പുരാവസ്തു വകുപ്പ്  മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ഒരു സ്വപ്നം പോലെ, ആയിരം ഇതളുള്ള പുഞ്ചിരി, കാഴ്ചകളുടെ കണ്ണൂര്‍ എന്നീ ഹ്രസ്വ ചിത്രങ്ങളുടെ പ്രദര്‍ശന ഉദ്ഘാടനമാണ് നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി.

കേരള ജനതയുടെ അനുഭവങ്ങളുടെ നേര്‍കാഴ്ചയാണ് സ്വപ്നം പോലെ എന്ന ഹ്രസ്വ ചിത്രത്തിലൂടെ ആവിഷ്‌കരിച്ചിരിക്കുന്നതെന്നും സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുകയാണ് നമ്മുടെ സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
ഒരു സ്വപ്നം പോലെ ഹ്രസ്വ ചിത്രത്തിന്റെ പോസ്റ്ററും മന്ത്രി പുറത്തിറക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പോസ്റ്റര്‍ ഏറ്റുവാങ്ങി.

2018ലെ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ കാന്തന്‍ ദ കളര്‍ ഓഫ് ലവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷെറീഫ് ഈസയാണ് ഒരു സ്വപ്നം പോലെ സംവിധാനം ചെയ്തത്. സരിന്‍ രാമകൃഷ്ണനാണ് ആയിരം ഇതളുള്ള പുഞ്ചിരിയുടെ സംവിധായകന്‍. അന്‍ഷാദ് കരുവഞ്ചാലാണ് കാഴ്ചകളുടെ കണ്ണൂര്‍ സംവിധാനം ചെയ്തത്. ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും ചടങ്ങില്‍ അനുമോദിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉപഹാരങ്ങള്‍ നല്‍കി.

സംവിധായാകരായ ഷെറീഫ് ഈസ, സരിന്‍ രാമകൃഷ്ണന്‍, തിരക്കഥാകൃത്ത് ജിനേഷ് കുമാര്‍ എരമം, നാടകകൃത്തും, അഭിനേതാവുമായ ടി സുരേഷ് ബാബു, പിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, അസിസ്റ്റന്റ് എഡിറ്റര്‍ സി പി  അബ്ദുള്‍ കരീം എന്നിവവര്‍ സംസാരിച്ചു

date