Skip to main content

സുബിലാലിന്റെ ആകുലതകള്‍ക്ക് അവസാനമായി

എല്ലുപൊടിയുന്ന അപൂര്‍വ രോഗത്തിന്റെ അവശതകളും കുടുംബത്തിലെ അരക്ഷിതാവസ്ഥകളുമായി മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം  അദാലത്തിനെത്തിയ തഴവ കിണറുവിള കിഴക്കേതില്‍ വീട്ടില്‍  സുബിലാലിന്റെ(35) ആകുലതകള്‍ക്ക് ജോലിയെന്ന ഉറപ്പ് ലഭിച്ചതോടെ അവസാനമായി. എല്ലുപൊടിയുന്ന രോഗവുമായി വീല്‍ചെയറിന്റെ സഹായത്തോടെയാണ് സുബിലാല്‍ ജീവിതത്തോട് പൊരുതുന്നത്.
അമ്മയുടെ ഒക്കത്തിരുന്ന് അദാലത്തിനെത്തിയ സുബിലാന്റെ അപേക്ഷയുടെ സാധ്യതകള്‍ പരിശോധിച്ച് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
വൈകല്യത്തെ മറികടന്ന് പ്ലസ്ടുവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമയും സുബിലാല്‍ നേടിയിട്ടുണ്ട്. വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും നിത്യചെലവുകള്‍ക്ക് ഈ കുടുംബം ഏറെ കഷ്ടപ്പെടുന്നുണ്ട്. പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക പ്രതീക്ഷയും സുബിലാലിലാണ്. തന്റെ യോഗ്യതയ്ക്കനുസരിച്ചുള്ള ഒരു  ജോലിക്കായി സുബിലാല്‍ ഏറെക്കാലമായി ശ്രമിക്കുന്നുണ്ടെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല.
തങ്ങളുടെ കാലശേഷം മകന്റെ ഭാവിയെക്കുറിച്ചോര്‍ത്ത് ഏറെ ആശങ്കപ്പെട്ടിരുന്ന  മാതാപിതാക്കള്‍ക്ക് ആശ്വാസം പകരുന്നതായി മന്ത്രിയുടെ ഉറപ്പ്. അറുപത് ശതമാനം വൈകല്യമുണ്ടെങ്കിലും കമ്പ്യൂട്ടര്‍ സംബന്ധമായ ജോലികള്‍ ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സുബിലാല്‍.
സാമൂഹികനീതി വകുപ്പ് ഡയറക്ടറുടേയും ജില്ലാ എംപ്ലോയ്മെന്റ്            എക്‌സ്‌ചേഞ്ച് ഓഫീസറുടേയും  പരിഗണനയില്‍ ഉടന്‍  വിഷയമെത്തിച്ച് ജോലി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് നല്‍കിയ ഇലക്‌ട്രോണിക് വീല്‍ചെയറിന്റെ സഹായത്തോടെയാണ് സുബിലാല്‍ സഞ്ചരിക്കുന്നത്. ജോലി ഉറപ്പ് നല്‍കിയ  സര്‍ക്കാരിനും  അദാലത്തില്‍ വിഷയമെത്തിക്കാന്‍ സഹായിച്ച എം എല്‍ എയ്ക്കും നന്ദി അറിയിച്ച ശേഷമാണ് സുബിലാലും അമ്മയും മടങ്ങിയത്.
 (പി.ആര്‍.കെ നമ്പര്‍.410/2021)

date