Skip to main content

ആദിലക്ഷ്മിക്ക് സാന്ത്വനമേകി മന്ത്രിയും ഉദ്യോഗസ്ഥരും

അദാലത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് മുന്നില്‍  നൊമ്പരപ്പെടുത്തുന്ന കാഴ്ചയായെങ്കിലും മന്ത്രി മേഴ്സിക്കുട്ടിയമ്മയുടേയും ഉദ്യോഗസ്ഥരുടേയും സാന്ത്വനമേറ്റുവാങ്ങി  ആദിലക്ഷ്മിയെന്ന ആറുവയസുകാരി.
മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം അദാലത്തില്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മുന്നിലെത്തിയപ്പോള്‍ സമപ്രായക്കാരെപ്പോലെ സംസാരിക്കുവാനോ ഓടിനടക്കുവാനോ സാധിക്കാതെ അമ്മയുടെ ചുമലില്‍ കിടക്കുകയായിരുന്നു ആദിലക്ഷ്മി. ആദിലക്ഷ്മിയുടെ അവസ്ഥ മനസിലാക്കിയ കൊല്ലം ആര്‍ ഡി ഒ ശിഖാ സുരേന്ദ്രന്‍ ഫയല്‍ വേഗത്തില്‍ മന്ത്രിയുടെ മുന്നിലെത്തിച്ചു. ചികിത്സാ ധനസഹായമായി  25000 രൂപ അനുവദിക്കുമ്പോള്‍ ആദിലക്ഷ്മിയുടെ ശരീരിക ബുദ്ധിമുട്ടുകള്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ ചോദിച്ചു മനസിലാക്കി.
സംസാരശേഷിയും കൈകലുകള്‍ക്ക് സ്വാധീനശേഷിയും ഇല്ലാതായതോടൊപ്പം അപസ്മാരത്തിന്റെ ബുദ്ധിമുട്ടും കുഞ്ഞിനുണ്ട്. ആന്തരികാവായവങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. കുറേ ചികിത്സകള്‍ നടത്തി നോക്കിയെങ്കിലും ഒന്നും ഫലവത്തായില്ലെന്ന് ചിഞ്ചുമോള്‍ പറയുന്നു. കൂലിപ്പണിക്കാരനായ അച്ഛന്‍ അഖിലിന്റെ ഏക വരുമാനത്തില്‍ നിന്നാണ് നിത്യച്ചെലവും കുഞ്ഞിന്റെ മരുന്നിനുള്ള തുകയും കണ്ടെത്തേണ്ടത്. അയല്‍ക്കാരുടേയും നാട്ടുക്കാരുടേയും സഹായം കൊണ്ടാണ് ഇതുവരെ മുന്നോട്ട് പോയതെന്നും ചിഞ്ചുറാണി പറഞ്ഞു. ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തി മൂന്നര സെന്റ് ഭൂമി ഈ കുടുംബത്തിനനുവദിച്ചിട്ടുണ്ട്.
ആദിലക്ഷ്മിയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാമെന്ന ആലോചനയിലാണ് മാതാപിതാക്കള്‍. എന്നെങ്കിലും ഒരിക്കല്‍ മകള്‍ സംസാരിക്കുമെന്നും ശരീരിക പ്രശ്‌നങ്ങളില്‍ മാറ്റമുണ്ടാകുമെന്നുമുള്ള പ്രതീക്ഷയിലാണ് ഈ കുടുംബം.
(പി.ആര്‍.കെ നമ്പര്‍.420/2021)

date