സാമ്പത്തിക സെൻസസ്, ആശങ്ക വേണ്ട: വേണ്ടത് ജനങ്ങളുടെ സഹകരണം
ഏഴാമത് സാമ്പത്തിക സെന്‍സസിന്‍റെ ഭാഗമായി ഇക്കണോമിക്‌സ് ആന്‍റ് സ്റ്റാറ്റിറ്റിക്‌സ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്ന വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി ജോസഫ് അറിയിച്ചു. സാമ്പത്തിക സെൻസസുമായി ബന്ധപ്പെട്ട ജില്ലാതല ഏകോപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പ്രദേശങ്ങളിലെയും എല്ലാ തരത്തിലുമുള്ള ഗാർഹിക, വ്യാപാര, വ്യാവസായിക സംരംഭങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് വിശകലനം നടത്തി കാലാനുസൃതമായ പരിഷ്‌കാരങ്ങൾക്കും വിശകലനങ്ങൾക്കും ആവശ്യമായ നടപടികൾ കൈക്കൊളളുന്നതിനാണ് സെൻസസ് നടത്തുന്നത്. അഞ്ച് വർഷത്തിലൊരിക്കൽ ഈ സെൻസസ് നടത്തുന്നു. 2020 ജനുവരിയിൽ സർവ്വേ ആരംഭിച്ചിരുന്നുവെങ്കിലും പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭവും കോവിഡ് മഹാമാരിയും മൂലം സർവ്വേ പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടി വന്നു. തുടർന്ന് ജൂലൈ മാസത്തിൽ പുനരാരംഭിച്ച സർവ്വേയോട് ജനങ്ങൾ സഹകരിക്കാത്ത സാഹചര്യത്തിലാണ് അധികൃതരുടെ അഭ്യർത്ഥന.
ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സെൻസസ്. കോമൺ സർവീസ് സെന്റർ മുഖേന നിയമിക്കുന്ന എന്യൂമറേറ്റർമാരാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നേരിട്ടെത്തി മൊബൈൽ മുഖേന വിവരശേഖരണം നടത്തുന്നത്.
1977 മുതൽ ആറ് സെൻസസുകളാണ് നടന്നത്. 2013ലായിരുന്നു ആറാമത് സെൻസസ്. ഓരോ വ്യക്തിയിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ ശേഖരിച്ചാണ് ആ പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ മനസ്സിലാക്കുന്നതും പരിഹാരം കണ്ടെത്താൻ സാധിക്കുന്നതും. സെൻസസിന് വേണ്ടി നൽകുന്ന വിവരങ്ങൾ രഹസ്യാത്മകമായിരിക്കും.
സാമ്പത്തിക സെന്‍സസിന്‍റെ സമയപരിധി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
സർവേയുമായി ബന്ധപ്പെട്ട് വരുന്ന എന്യൂമറേറ്റർമാർക്ക് ശരിയായ വിവരങ്ങൾ നൽകി സെൻസസുമായി പൂർണ്ണമായും സഹകരിക്കണം എന്ന് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ പി ഷോജൻ അറിയിച്ചു.
- Log in to post comments