Skip to main content

കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്കായി ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍

 

 

കാഴ്ച പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ട് രേഖപ്പെടുത്താന്‍ സൗകര്യം. ഇവര്‍ക്കുള്ള ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ബൂത്തുകളില്‍ ലഭ്യമാണ്. ബ്രെയ്ലി ഡമ്മി ബാലറ്റ് ഷീറ്റുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കാഴ്ച പരിമിതിയുള്ള വോട്ടര്‍ തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് സഹായിക്കുന്ന ബ്രെയ്ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പര്‍ ആവശ്യപ്പെട്ടാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ പക്കലുള്ള ബ്രെയ്ലി ഡമ്മി ബാലറ്റ് നല്‍കണം.

സ്ഥാനാര്‍ഥികളുടെ പേരും പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേരും ബ്രെയ്ലി ലിപിയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഇ.വി.എം ബാലറ്റിലെ അതേ ക്രമത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അതിലടങ്ങിയ വിവരങ്ങള്‍ മനസിലാക്കിയ ശേഷം വോട്ടര്‍ക്ക് വോട്ടിംഗ് കംപാര്‍ട്ട്മെന്റിലെത്തി  ഇവിഎം മെഷീനില്‍ വലതു വശത്തായി ബ്രെയ്ലി ലിപിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ക്രമ നമ്പര്‍ പ്രകാരം ബട്ടണ്‍ അമര്‍ത്തി വോട്ട് രേഖപ്പെടുത്താം. വോട്ടെടുപ്പ് അവസാനിച്ച ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ ഡമ്മി ബാലറ്റ് ഷീറ്റ് പ്രത്യേകം കവറില്‍ സീല്‍ ചെയ്ത് റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കും.

 

date