Skip to main content

സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം: മുഖ്യമന്ത്രി

സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിനേഷൻ പോളിസി കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിരിക്കയാണ്. അതു പ്രകാരം വാക്‌സിൻ ഉത്പാദകർ 50 ശതമാനം വാക്‌സിൻ മാത്രം കേന്ദ്ര സർക്കാരിനു നൽകിയാൽ മതി. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റിവയ്ക്കുന്നത്. നിർമാതാക്കളിൽ നിന്ന് വിലകൊടുത്തു വാങ്ങാനാണ് സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുള്ളത്. കോവിഡ് മഹാമാരി കാരണം സംസ്ഥാനങ്ങൾ ഇപ്പോൾ തന്നെ വലിയ സാമ്പത്തികബാധ്യത നേരിടുകയാണ്. സാമ്പത്തികമാന്ദ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് അധികബാധ്യത വലിയ പ്രയാസം ഉണ്ടാക്കും. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ചുമതലയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങൾക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തിൽ അത് സൗജന്യമായി നൽകുകയും വേണം. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ച് നീങ്ങേണ്ടതുണ്ട്. ഇക്കാര്യം പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  
കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് ലഭിക്കുന്ന കോവിഷീൽഡ് വാക്‌സിൻ സംസ്ഥാന സർക്കാരുകൾക്ക് 400 രൂപയ്ക്കായിരിക്കും നൽകുക എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് 600 രൂപയും ഈടാക്കും. ഇത്തരത്തിൽ വാക്‌സിന്റെ വില കുതിച്ചുയർന്നാൽ  കോവിഡ് പ്രതിസന്ധി തീർത്ത സാമ്പത്തിക വിഷമതകളിൽ ഉഴലുന്ന സംസ്ഥാനങ്ങളെ അതു വലിയ പ്രതിസന്ധിയിലാക്കും.
45 വയസ്സിനു മുകളിലുള്ള 1.13 കോടി ആളുകൾക്ക് മെയ് 20നുള്ളിൽ വാക്‌സിൻ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നിത്യേന 2.5 ലക്ഷം പേർക്ക് വിതരണം ചെയ്യാനായിരുന്നു തീരുമാനിച്ചത്. എന്നാൽ, വാക്‌സിൻ  ദൗർലഭ്യം കാരണം അതു തടസ്സപ്പെടുകയുണ്ടായി. ദിവസേന 3.7 ലക്ഷം പേർക്ക് ഇനി വിതരണം ചെയ്താൽ മാത്രമേ ആ ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട്, സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുന്നതിനു പകരം, സംസ്ഥാനങ്ങൾക്ക് അർഹമായ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണം. വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിക്കാനാവശ്യമായ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകേണ്ടതുണ്ട്. സാധാരണ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നിറവേറ്റുന്നതിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകരുത്.
വാക്‌സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ ബിസിനസ്സുകാരോട് മത്സരിക്കാൻ സംസ്ഥാനങ്ങളെ തള്ളിവിടരുത്. വാക്‌സിൻ ലഭിക്കാൻ കേന്ദ്ര സർക്കാർ ചാനൽ എന്നതിന് പകരം കേന്ദ്രവും സംസ്ഥാന സർക്കാരുകളും അടങ്ങുന്ന സർക്കാർ ചാനലാണ് വേണ്ടത്.
പി.എൻ.എക്സ്.1381/2021

date