Skip to main content

റേഷന്‍ കടകളിലെ ക്രമക്കേടിനെതിരെ നടപടി

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള ഏറനാട് താലൂക്ക് തല സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ഏഴ് റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി. മാതക്കോട്, കീഴുപറമ്പ്, പത്തനാപുരം, തൃകളയുര്‍, കുനിയില്‍, അരീക്കോട് എന്നിവിടങ്ങളിലെ 13 റേഷന്‍കടകളടക്കം 18 വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ ഏഴ് റേഷന്‍ കട നടത്തിപ്പുകാര്‍ക്കെതിരെ നടപടിയെടുത്തു. പൊതു വിപണിയിലെ പരിശോധനയില്‍ സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയ മൂന്ന് കട ഉടമകള്‍ക്കും വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് രണ്ട് കടകള്‍ക്കും നോട്ടീസ് നല്‍കിയതായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ എ വിനോദ്കുമാര്‍ പറഞ്ഞു. റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങളുടെയും പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെയും ലഭ്യതയും മെയ് മാസത്തെ കിറ്റ് വിതരണം ചെയ്യുന്നുണ്ടെന്നും ഉറപ്പു വരുത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  താലൂക്ക് സപ്ലൈ ഓഫീസര്‍ എ. വിനോദ് കുമാര്‍ , റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജിഎ സുനില്‍ ദത്ത്, കെ.പി. അബ്ദുല്‍നാസര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. താലൂക്കിന്റെ  വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date