Skip to main content

കപ്പ ചലഞ്ച്; കര്‍ഷകര്‍ക്ക് കൈത്താങ്ങായി യുവജന സംഘടനകളും നാട്ടുകാരും

ജില്ലയിലെ കര്‍ഷകര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍  കൈത്താങ്ങാകുകയാണ് ജനകീയ കൂട്ടായ്്മകള്‍. സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍,  രാഷ്ട്രീയ പാര്‍ട്ടികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധി ഘട്ടത്തില്‍ സഹായമേകുന്നത്. കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി ഭവന്‍ വഴി നടപ്പാക്കുന്ന കപ്പ ചലഞ്ചിലൂടെ   ഇതിനോടകം ടണ്‍ കണക്കിന് കപ്പയാണ് സംഘടനകളുടെയും നാട്ടുകാരുടെയും സഹായത്തോടെ വിറ്റഴിച്ചത്. കോവിഡ് 19 തുടര്‍ന്നുള്ള ലോക്ക്ഡൗണും ശക്തമായ മഴയും കാരണമാണ് ജില്ലയില്‍ കപ്പ, നേന്ത്രവാഴ തുടങ്ങിയവയുടെ വില്‍പ്പനയും വിപണനവും  തടസപ്പെട്ടത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ വിസ്തൃതിയില്‍ തരിശുനിലങ്ങളില്‍ കൃഷിയിറക്കിയിരുന്നു. കര്‍ഷകര്‍ക്ക് നല്ല വിളവും ലഭിച്ചു. എന്നാല്‍ മഴ പെയ്തതോടെ പാടത്ത് വിളയിറക്കിയ ഏക്കര്‍ കണക്കിന് കപ്പ കൃഷി വെള്ളക്കെട്ടിലായി. ഇതോടെ വിളവെടുപ്പ് ഉടനെ ഒന്നിച്ച് നടത്തേണ്ട സാഹചര്യം ഉണ്ടാകുകയായിരുന്നു.  ടണ്‍ കണക്കിന് കപ്പയാണ് ഒറ്റയടിക്ക് വിറ്റഴിക്കേണ്ടി വരുന്നത്. കര്‍ഷകരെ സഹായിക്കുന്നതിനായി കൃഷി ഭവന്‍ മുഖേന പരമാവധി കാര്‍ഷികോല്‍പന്നങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വാട്ട്‌സ് ആപ്പ് കൂട്ടായ്മകള്‍ , യുവജന സംഘടനകള്‍ തുടങ്ങിയവരെല്ലാം കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനത്തിന് സഹായവുമായി കൂടെയുണ്ട്. നേന്ത്രവാഴ, പൈനാപ്പിള്‍, മാങ്ങ, തണ്ണി മത്തന്‍ തുടങ്ങിയ കാര്‍ഷികോല്‍പന്നവും ഇത്തരത്തില്‍ വിപണിയിലെത്തിക്കുന്നുണ്ട്.  ജില്ലയില്‍ വേങ്ങര, വണ്ടൂര്‍, മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കപ്പ കൃഷി ചെയ്യുന്നത്. കപ്പ വിറ്റഴിക്കാനായി ഉദ്യോഗസ്ഥര്‍ അന്തര്‍ സംസ്ഥാന വ്യാപാര കമ്പനികളുമായും ബന്ധപ്പെടുന്നുണ്ട്. ജില്ലയില്‍ 2000 ടണിലധികം കപ്പ ഇനിയും വിറ്റഴിക്കാനുണ്ട്.

date