Skip to main content

കപ്പ കര്‍ഷകര്‍ക്ക് ആശ്വാസമേകി സഹകരണ ബാങ്കുകള്‍

കപ്പ കര്‍ഷകര്‍ക്ക് ആശ്വാസമായി ജില്ലയിലെ സഹകരണ ബാങ്കുകള്‍. കൃഷി വകുപ്പു മുഖേനെ കപ്പ കിറ്റുകള്‍ സംഭരിച്ച് കര്‍ഷകര്‍ക്ക് സഹായിക്കുകയാണ് ജില്ലയിലെ സഹകരണ ബാങ്കുകള്‍. കിറ്റുകള്‍ ശേഖരിച്ച് ആവശ്യക്കാരിലെത്തിക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് ന്യായ വില ലഭിക്കുന്നു. കനത്ത മഴയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇത് ഏറെ ആശ്വാസകരമാണ്. 100 രൂപയുടെ എട്ട്് കിലോ കിറ്റ്, 50 രൂപയുടെ നാല് കിലോ കിറ്റ് എന്നിങ്ങനെയാണ് വിപണനം.  ബാങ്കുകള്‍ കിറ്റുകളായാണ് കപ്പ സംഭരിക്കുന്നത്.  ഇതിലൂടെ ഒരു കിലോ കപ്പക്ക് 10 രൂപ വരെ കര്‍ഷകന് ലഭിക്കും.ട്രിപ്പിള്‍ ലോക് ടൗണിനെ തുടര്‍ന്ന് ജില്ലയില്‍ കപ്പ വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ ഉണ്ടാകുകയും കിലോക്ക് നാല് രൂപ വരെയായി കുറയുകയും ചെയ്തിരുന്ന സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ പിന്തുണ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. കൊണ്ടോട്ടിയില്‍ സഹകരണ മേഖലയിലെ  12 ബാങ്കുകളും,  പെരിന്തല്‍മണ്ണയില്‍ 31 ബാങ്കുകളുമാണ് കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന സന്നദ്ധ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. ഇതിനൊപ്പം നിലമ്പൂരില്‍ 68 ബാങ്കുകളും മഞ്ചേരിയില്‍ 26 ബാങ്കുകളും തിരൂരില്‍ 19 ബാങ്കുകളും കര്‍ഷകരെ സഹായിക്കുന്ന പ്രവര്‍ത്തനത്തിലാണ്. തിരൂരങ്ങാടിയില്‍ ഒന്‍പത് സഹകരണ ബാങ്കുകളാണ് കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നത്. ശക്തമായ മഴയും ട്രിപ്പിള്‍ ലോക്ക്ഡൗണും കപ്പ കര്‍ഷകര്‍ക്ക് തിരിച്ചടിയായപ്പോള്‍ കൃഷി വകുപ്പിന്റെ സഹായത്തോടെ മികച്ച പ്രവര്‍ത്തനമാണ് ജില്ലയിലെ സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ നടത്തുന്നത്.

date