Skip to main content

മഹാമാരിക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്കായി കോവി ഡ് സമാശ്വാസ പദ്ധതി : സബ്‌സിഡി നിരക്കില്‍ ജില്ലയില്‍ നല്‍കിയത് 13125 ചാക്ക് കാലിത്തീറ്റ

കോവിഡ് മഹാമാരിക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമേകി ക്ഷീര വികസന വകുപ്പിന്റെ കോവിഡ് സമാശ്വാസ പദ്ധതി. ക്ഷീര സഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന കര്‍ഷകര്‍ക്ക് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 400 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്. പദ്ധതി പ്രകാരം ഇതിനകം ജില്ലയിലെ . 9517 ക്ഷീര കര്‍ഷകര്‍ക്ക്  52.5 ലക്ഷം രൂപയുടെ ആനുകൂല്യം ക്ഷീര വികസന വകുപ്പ് അനുവദിച്ചു. പദ്ധതി പ്രകാരം ജില്ലയില്‍ മാത്രം 13125 ചാക്ക് കാലിത്തീറ്റയാണ് സബ് സിഡി നിരക്കില്‍ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കിയത്.സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കോവി ഡ് വ്യാപനമുണ്ടായ സമയത്ത് തുടങ്ങിയ സമാശ്വാസ പദ്ധതി കോവിഡിന്റെ രണ്ടാം തരംഗ ഘട്ടത്തിലും തുടരുകയാണെന്ന് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ ഖമര്‍ പറഞ്ഞു.
ക്ഷീര സഹകരണ സംഘങ്ങളില്‍ പ്രതിദിനം ശരാശരി 10 ലിറ്റര്‍ പാല്‍ അളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു ചാക്ക് കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ ലഭിക്കും. 11 മുതല്‍ 20 വരെ ലിറ്റര്‍ പാല്‍ നല്‍കുന്ന വര്‍ക്ക് മൂന്ന് ചാക്കും 21 ലിറ്ററിന് മുകളില്‍ പാല്‍ അളക്കുന്നവര്‍ക്ക് അഞ്ച് ചാക്ക് കാലിത്തീറ്റയും സബ്‌സിഡി നിരക്കില്‍ ക്ഷീര സംഘങ്ങള്‍ മുഖേന നല്‍കും. ക്ഷീര വികസന വകുപ്പിന്റെ തനത് ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ഇതിന് പുറമെ കോവി ഡ് ബാധിച്ച് മരിച്ച ക്ഷീര കര്‍ഷകരുടെയും കോവി ഡ് ബാധിതരായ കര്‍ഷകരുടെയും കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും സഹകരണ സംഘങ്ങള്‍ക്ക് ക്ഷീര വികസന വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം ജില്ലയില്‍ പലയിടത്തും ക്ഷീര സഹകരണ സംഘങ്ങള്‍ കര്‍ഷകര്‍ക്ക് പല വ്യജ്ഞന കിറ്റുകളും മരുന്നും മറ്റും സൗജന്യമായി നല്‍കിയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മില്‍മ പാല്‍ സംഭരിക്കാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ കോവി ഡ് കേന്ദ്രങ്ങളിലും വീടുകളിലും കോവി ഡ് ബാധിതര്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്തിരുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സന്നന്ധ സംഘടനകളുടെയും പിന്തുണയോടെയായിരുന്നു പാല്‍ ശേഖരണവും വിതരണവും. ജില്ലയിലെ 252 ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന പതിനായിരത്തോളം കര്‍ഷകരുണ്ട്. ക്ഷീര സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കുന്ന 80000 ലിറ്റര്‍ പാലിന്റെ 70 ശതമാനവും മില്‍മയാണ് ശേഖരിക്കുന്നത്. 30 ശതമാനം പാല്‍ പ്രാദേശികമായാണ് വില്‍പ്പന നടത്തുന്നത്.
 

date