പാര്‍ട്ണര്‍മാരുടെ മാറ്റങ്ങള്‍ ഫയല്‍ ചെയ്യാന്‍ അവസരം
രജിസ്റ്റര്‍ ചെയ്ത പങ്ക് വ്യാപാര സ്ഥാപനങ്ങളിലെ പാര്‍ട്ട്ണര്‍മാരുടെ മാറ്റങ്ങള്‍ 15 ദിവസത്തിനകം ഫയല്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് അതിനുള്ള അവസരം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നല്‍കുമെന്ന് രജിസ്ട്രാര്‍ ഓഫ് ഫേംസ് വി.എം. ഉണ്ണി അറിയിച്ചു. പാര്‍ട്ട്ണര്‍ഷിപ്പ് ചട്ടങ്ങളിലെ ചട്ടം 4(2) പ്രകാരം ഫേമിലെ ഘടനാപരമായ മാറ്റങ്ങള്‍ സംബന്ധിച്ച നോട്ടീസ് 15 ദിവസത്തിനകം രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കണം. 15 ദിവസം കഴിഞ്ഞ് സമര്‍പ്പിക്കപ്പെടുന്ന നോട്ടീസുകള്‍ ഫയല്‍ ചെയ്യുന്നതിന് പ്രായോഗിക തടസം ഉണ്ടായിരുന്നു. എന്നാല്‍ തട്ടില്‍ ഗ്രാനൈറ്റ്‌സ് എന്ന പങ്ക് വ്യാപാര സ്ഥാപനം നല്‍കിയ 4505/2018 നമ്പര്‍ റിട്ട് ഹര്‍ജിയില്‍ ഏപ്രില്‍ ആറിന് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പങ്ക് വ്യാപാര സ്ഥാപനത്തിന്റെ മാറ്റമുണ്ടായ ദിവസത്തിനുശേഷം 15 ദിവസം കഴിഞ്ഞ് ലഭിക്കുന്ന നോട്ടീസുകളും നിരസിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്തരം മാറ്റങ്ങള്‍ക്ക് രജിസ്ട്രാര്‍ക്ക് നോട്ടീസ് സമര്‍പ്പിച്ച തീയതി മുതല്‍ മാത്രമേ പ്രാബല്യം ലഭിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഘടനയില്‍ മാറ്റം വന്ന് 15 ദിവസം കഴിഞ്ഞതിനാല്‍ ഫയല്‍ ചെയ്യാനാകാത്ത പങ്കുവ്യാപാര സ്ഥാപനങ്ങള്‍ക്ക് അവ ഫയല്‍ ചെയ്യാന്‍ അവസരം നല്‍കുന്നതെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.2098/18
- Log in to post comments