Skip to main content

യുവജനങ്ങൾക്ക് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിൽ നൽകും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തൊഴിൽരഹിതരായ യുവജനങ്ങൾക്ക് വരുമാനം ഉറപ്പുവരുത്താൻ അഭ്യസ്ത വിദ്യരായ യുവതീ-യുവാക്കളെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
യുവതീ-യുവാക്കൾക്ക് സ്വകാര്യ സംരംഭങ്ങളിൽ അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നൽകിയാൽ സംരംഭകർക്ക് തൊഴിലുറപ്പ് കൂലി സബ്‌സിഡിയായി നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക. നിലവിൽ അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കൾക്ക് പണമൊന്നും ലഭിക്കാത്ത അവസ്ഥയാണ്. എന്നാൽ, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലി ചെയ്യുന്ന യുവജനങ്ങൾക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകർ കൂലി നൽകുന്ന രീതിയുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി. നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും തൊഴിൽ രഹിതരായ യുവജനങ്ങൾക്കും സംരംഭകർക്കും ഈ നടപടി ആശ്വാസമേകുമെന്നും മന്ത്രി പറഞ്ഞു.
പി.എൻ.എക്സ് 2206/2021

date