Skip to main content

തൊഴിലിടങ്ങളില്‍ ജാഗ്രത വെടിയരുത്

 

ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുമ്പോഴും തൊഴിലിടങ്ങളില്‍ നിന്നുള്ള രോഗപ്പകര്‍ച്ചക്ക് കുറവില്ല. വിവിധ തൊഴില്‍ മേഖലയിലെ 1029 പേര്‍ക്കാണ് ആഗസ്റ്റ് മാസത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. തൊഴിലിടങ്ങള്‍ രോഗപ്പകര്‍ച്ചയുടെ കേന്ദ്രങ്ങളാകാതിരിക്കാന്‍ തൊഴില്‍ ദാതാക്കള്‍ ശ്രദ്ധിക്കണം. വ്യാപാര മേഖലയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനമുടമകള്‍ തയ്യാറാകണം. നിര്‍മാണ മേഖലയിലടക്കം തൊഴിലാളികള്‍ സ്വയം സുരക്ഷിതരായിരിക്കാന്‍ ശ്രദ്ധിക്കണം.

 

കൂടുതല്‍ രോഗലക്ഷണങ്ങളുള്ളവര്‍ വീടുകളില്‍ കഴിയരുത്

കോവിഡ് പോസിറ്റീവായി വീടുകളില്‍ കഴിയുന്നവരില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സാ കേന്ദ്രങ്ങളിലെത്തിക്കാന്‍ ശ്രദ്ധിക്കണം. വീടുകളില്‍ മതിയായ സൗകര്യങ്ങളില്ലാത്തവര്‍ സ്ഥാപന നിരീക്ഷണത്തിലേക്ക് മാറിയാല്‍ മാത്രമേ രോഗപ്പകര്‍ച്ച ഒഴിവാക്കാന്‍ കഴിയൂ. രോഗ തീവ്രത കുറക്കാന്‍ മുന്‍കരുതല്‍ അത്യാവശ്യമാണ്. ഹോം ക്വാറന്റീനില്‍ കഴിയുന്നവരില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് പരിശോധന നടത്താന്‍ വിമുഖത കാണിക്കരുതെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു. വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്ന പ്രായം ചെന്നവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കോവിഡ് ആശുപത്രികളിലേക്ക് മാറ്റണം. 

രോഗം പിടിപ്പെട്ട് ഗുരുതരാവസ്ഥയിലായിക്കഴിയുമ്പോഴാണ് പലരെയും ആശുപത്രികളിലേക്കെത്തിക്കുന്നത്. ഇത് കുറച്ച് നേരത്തെയാക്കുകയും കൂടുതല്‍ ജാഗ്രത കാണിക്കുകയും ചെയ്താല്‍ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കും. ഇതര അസുഖങ്ങളുള്ളവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ രോഗം ഗുരുതരമാകുകയും വിദഗ്ധ ചികിത്സക്ക് കാലതാമസം വരികയും ചെയ്യുന്നതും മരണകാരണമാകുന്നുണ്ട്. ജില്ലയില്‍ ആഗസ്റ്റ് മാസത്തിലെ കോവിഡ് മരണങ്ങള്‍ വിശകലനം ചെയ്തതിലാണ് ഇത് വ്യക്തമാകുന്നത്.

date