Skip to main content

കുന്നംകുളം നഗരസഭ സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നവംബര്‍ ഒന്നിന്

കേരളപ്പിറവി ദിനത്തില്‍ കുന്നംകുളം നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിക്കും. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ 60 ശതമാനം വാര്‍ഡുകളെയും സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളാക്കി പ്രഖ്യാപിക്കാനും നടപടികള്‍ തുടങ്ങി. 37 വാര്‍ഡുകളാണ് നഗരസഭയില്‍ ഉള്ളത്. ഇതില്‍ 3, 5 വാര്‍ഡുകള്‍ നേരത്തെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡുകളായി പ്രഖ്യാപിച്ചിരുന്നു. നല്ല വീട് നല്ല നഗരം പദ്ധതിയുടെ ഭാഗമായാണ് കുന്നംകുളം നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയായി സജ്ജമാക്കുന്നത്. ഓരോ വാര്‍ഡിലും രൂപീകരിച്ചിട്ടുള്ള ഇക്കോ-ഗ്രീന്‍ കമ്മറ്റികളുടെ (പരിസര-ഹരിത-ശുചിത്വ സമിതികള്‍) നേതൃത്വത്തിലാണ് സമ്പൂര്‍ണ ശുചിത്വം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. 

ആഗസ്റ്റ് 2 ന് ആരംഭിച്ച നല്ല വീട് നല്ല നഗരം പദ്ധതിയുടെ രണ്ടാം ഘട്ട ശുചിത്വ പരിപാടിയുടെ ഭാഗമായി നഗരസഭാ പ്രദേശത്തെ 37 വാര്‍ഡുകളിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലാണ് ഇക്കോ ഗ്രീന്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍, അംഗീകൃത ആര്‍ ആര്‍ ടി അംഗങ്ങള്‍, വാര്‍ഡില്‍ നിലവിലുള്ള ഗ്രീന്‍ വോളണ്ടിയേഴ്‌സ്, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ സി ഡി എസ്, എഡിഎസ് അംഗങ്ങള്‍, ജൂണ്‍ 7 ലെ ഡ്രൈഡേയില്‍ (കരുതല്‍) സ്‌ക്വാഡ് ലീഡര്‍മാരായി പ്രവര്‍ത്തിച്ചവര്‍, വാര്‍ഡില്‍ ഘടകങ്ങളുള്ള അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍, ക്ലസ്റ്റര്‍ യോഗങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് നിയോഗിച്ചിട്ടുള്ള റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള 30 മുതല്‍ 35 പേരടങ്ങുന്നതാണ് ഇക്കോ ഗ്രീന്‍ സാനിറ്റേഷന്‍ കമ്മിറ്റികള്‍.

വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ഏതെങ്കിലും ഒരു ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുന്നതിനും ഈ കമ്മിറ്റി ഇടപെടലുകള്‍ നടത്തും. പരിപാടിയുടെ ഭാഗമായുള്ള ശുചിത്വ അയല്‍ക്കൂട്ടങ്ങളും കമ്മറ്റികളുടെ നേത്യത്വത്തില്‍ നടക്കുന്നുണ്ട്. സ്വാതന്ത്ര്യദിനത്തില്‍ നഗരപ്രദേശത്തെ മുഴുവന്‍ വീടുകളിലും ശുചിത്വദീപം തെളിയിക്കുന്നതിനും ശുചിത്വ പ്രതിജ്ഞ എടുക്കുന്നതിനും ഇക്കോ ഗ്രീന്‍ കമ്മിറ്റികള്‍ നേതൃത്വം നല്‍കുന്നുണ്ട്.

date