Skip to main content

ലൈഫ് തുണയായി; നേമത്ത് 67 കുടുംബങ്ങള്‍ക്ക് വീട്

 

സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ഏറ്റെടുത്ത 75 വീടുകളില്‍ 67 എണ്ണവും പൂര്‍ത്തിയാക്കി നേമം ബ്ലോക്ക് പഞ്ചായത്ത്.  മുന്‍ കാലങ്ങളില്‍ വിവിധ പദ്ധതികളിലായി വീടുവയ്ക്കാന്‍ ധനസഹായം ലഭിച്ചിട്ടും വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കാണ് വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായത്. ഏഴു ഗ്രാമപഞ്ചായത്തുകളിലായി 75 കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ വീതമാണ് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനായി സര്‍ക്കാര്‍ അനുവദിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും ബ്ലോക്ക് ജീവനക്കാരും സഹായങ്ങളുമായി ഒപ്പം നിന്നു.

67 എണ്ണം പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിനായി. എട്ട് വീടുകളുടെ പണി അന്തിമഘട്ടത്തിലാണെന്നും ഇവ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എല്‍. ശകുന്തളകുമാരി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് 90 ദിവസത്തെ തൊഴില്‍ദിനങ്ങള്‍ ഉറപ്പുവരുത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിത്തന്നെ പൂര്‍ത്തിയായ 67 വീടുകളിലും ശുചിമുറി നിര്‍മിക്കുന്നതിനായി 12,000 രൂപ വീതം ലഭ്യമാക്കി വരുന്നു. കിണര്‍ നിര്‍മാണം, കിണര്‍ റീച്ചാര്‍ജിംഗിനായുള്ള സംവിധാനം, മാലിന്യ സംസ്‌കരണത്തിനായി കംപോസ്റ്റ് പിറ്റുകള്‍ എന്നിവയും നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് ആവിഷ്‌കരിച്ചു കഴിഞ്ഞതായും പ്രസിഡന്റ് പറഞ്ഞു.
(പി.ആര്‍.പി 1731/2018)

 

date