Skip to main content

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മൂന്നാം ഘട്ടം: ടിഡി റോഡ് മുതൽ കായൽ മുഖം വരെ മുല്ലശ്ശേരി കനാലിന് ആഴം കൂട്ടാന്‍ അടിയന്തര നടപടി,  കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാ൯ 1.39 കോടി

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി  ടി.ഡി റോഡ് മുതൽ പടിഞ്ഞാറ് കായൽ മുഖം വരെ മുല്ലശ്ശേരി കനാലിന്റെ തുറന്ന ഭാഗം അടിയന്തരമായി ചെളി നീക്കി ആഴം കൂട്ടാ൯ തീരുമാനം. വേനൽ മഴയും കാലവർഷവും നഗരഹൃദയത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കാതിരിക്കുന്നതിനുള്ള മു൯കരുതലായാണ് ഈ നടപടി. മേയർ അഡ്വ. എം. അനിൽകുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്‍റെ സാന്നിധ്യത്തിൽ ചേർന്ന യോഗമാണ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി അടിയന്തരമായി നടപ്പാക്കേണ്ട ജോലികൾക്ക് രൂപം നൽകിയത്.

ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ സംബന്ധിച്ച പദ്ധതി പുരോഗതി റിപ്പോർട്ട് ടെക്നിക്കൽ കമ്മിറ്റി ചെയർമാന്‍ ബാജി ചന്ദ്രന്‍ അവതരിപ്പിച്ചു.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം മുതല്‍  ചിറ്റൂര്‍ റോഡ് വരെയുള്ള ഭാഗത്തെ കനാലിന്റെ നവീകരണം ഏറെക്കുറെ പൂര്‍ത്തിയായി. നവീകരണത്തിനു നിലവില്‍ തടസമായി നില്‍ക്കുന്നത് കനാലിലൂടെ കടന്നുപോകുന്ന വാട്ടര്‍ അതോറിട്ടിയുടേത് ഉള്‍പ്പെടെയുള്ള പൈപ്പുകളാണ്. വാട്ടര്‍ അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിന് 1.39 കോടി രൂപ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. തടസമായി നില്‍ക്കുന്ന സ്വീവേജ് പൈപ്പുകള്‍ ഉള്‍പ്പെടെ മാറ്റി സ്ഥാപിക്കുന്നതിന് 3.7 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു. ഇതിനായി കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡിനെ (സിഎസ്എംഎല്‍) സമീപിക്കും. കനാല്‍ നവീകരണത്തിന്റെ ഭാഗമായി ഫാഷന്‍ സ്ട്രീറ്റില്‍ കച്ചവടം നടത്തിയിരുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. അംബേദ്ക്കര്‍ സ്‌റ്റേഡിയത്തിന് സമീപം ഇവരുടെ പുനരധിവാസം പൂർത്തിയായി

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു നടപ്പിലാക്കുന്ന ഓപറേഷന്‍ ബ്രക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മുല്ലശേരി കനാല്‍ നവീകരണം ആരംഭിച്ചത് കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണ്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് കനാലിന്റെ നവീകരണം ആരംഭിച്ചത്.  10 കോടി രൂപ ചെലവിലുള്ള നവീകരണത്തിന് ജലസേചന വകുപ്പാണു നേതൃത്വം നല്‍കുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ്, എം.ജി.റോഡ് എന്നിവിടങ്ങളിലെ വെള്ളക്കെട്ടിനു കാരണം മുല്ലശേരി കനാലിലെ തടസങ്ങളാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പദ്ധതി നടപ്പാക്കുന്നത്. നവീകരണം പൂര്‍ത്തിയാകുന്നതോടെ ഈ ഭാഗങ്ങളിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു. നാലു മീറ്റര്‍ വീതിയിലാണു കനാല്‍ നവീകരിക്കുക. രണ്ടര മീറ്ററ്റോളം ബെഡ് ലെവല്‍ താഴ്ത്തും. കനാല്‍ കായലിനോട് ചേരുന്ന ഭാഗംവരെ നവീകരണം നടത്തും.

സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാന്‍മാരായ സുനിത ഡിക്സൺ, ടി.കെ അഷറഫ്, കൗൺസിലർ സുധ ദിലീപ് കുമാർ, ജിസിഡിഎ സെക്രട്ടറി അബ്ദുൽ മാലിക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

date