Skip to main content

പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനം: മോക്ഡ്രില്‍ വിജയം

        വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ജില്ലയിലെ സജ്ജീകരണങ്ങളുടെ കൃത്യത ഉറപ്പു വരുത്താന്‍ നടത്തിയ മോക്ഡ്രില്‍ വിജയം. ജില്ലയിലെ ആശയ വിനിമയ സംവിധാനങ്ങള്‍, വിവിധ വകുപ്പുകളുടെ ഏകോപനം, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങള്‍, ക്യാമ്പുകളുടെ സജ്ജീകരണം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മോക്ഡ്രില്ലില്‍ നിരീക്ഷിച്ചു.

        പുത്തന്‍വേലിക്കര പഞ്ചായത്തിലെ സ്റ്റേഷന്‍ കടവിലായിരുന്നു മോക്ഡ്രില്ലിന്റെ ഭാഗമായുള്ള രക്ഷാപ്രവര്‍ത്തനം സംഘടിപ്പിച്ചത്.

        സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മോക്ഡ്രില്‍ ആരംഭിച്ചത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ എടുക്കേണ്ട സജ്ജീകരണങ്ങളാണ് നിരീക്ഷിച്ചത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഒഴിപ്പിക്കുന്നതും ഇവരെ സുരക്ഷിതമായി ക്യാമ്പുകളില്‍ എത്തിക്കുന്ന സജ്ജീകരണങ്ങളും പരിശോധിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇടയ്ക്ക് അപകടം സംഭവിക്കുന്നവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനുള്ള സംവിധാനവും നിരീക്ഷിച്ചു. സിവില്‍ ഡിഫന്‍സ് വളന്റിയേഴ്‌സിന്റെ രക്ഷാ പ്രവര്‍ത്തനങ്ങളും നിരീക്ഷണ വിധേയമാക്കി.

        കളക്ടറേറ്റില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്,
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.ആര്‍ വൃന്ദാദേവി, ഹസാര്‍ഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍,  എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. സബ് കളക്ടര്‍ വിഷ്ണു രാജിന്റെ നേതൃത്വത്തില്‍ താലൂക്ക്തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

        അഗ്‌നി രക്ഷാ സേന, പോലീസ്, ആരോഗ്യം, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ജലസേചനം, കെ.എസ്.ഇ.ബി, വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തുടങ്ങിയവും സിവില്‍ ഡിഫന്‍സ് വളന്റിയേഴ്‌സും മോക്ഡ്രില്ലില്‍ പങ്കാളിയായി.

        കേരളത്തിലെ പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം ഉള്‍പ്പെടെ 14 ജില്ലകളിലും മോക്ക്ഡ്രില്ലില്‍ നടത്തിയത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ പ്രളയ സാധ്യത മോക്ക് ഡ്രില്ലും പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മോക്ക്ഡ്രില്ലുമാണ് നടത്തിയത്.

date