Skip to main content

ഭക്ഷ്യ വകുപ്പ് കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു

സംസ്ഥാനത്തെ റേഷൻകട ലൈസൻസികൾ, റേഷൻ മൊത്തവ്യാപാരികൾ, മണ്ണെണ്ണ മൊത്ത വ്യാപാരികൾ എന്നിവർ വിവിധ ഇനങ്ങളിലായി സർക്കാരിലേക്ക് അടയ്ക്കുവാനുള്ള കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനുവേണ്ടി സംസ്ഥാനതല അദാലത്ത് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പുമന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആറ് താലൂക്കുകളിലും രണ്ട് സിറ്റി റേഷനിംഗ് ഓഫീസുകളിലും കഴിഞ്ഞ 20 വർഷമായി തീർപ്പാകാതെ കിടന്ന 81 കേസുകളിൽ 24 എണ്ണം തീർപ്പാക്കി. ഈ ഇനത്തിൽ 4,09,338 രൂപ പിരിച്ചെടുത്തു. രണ്ട് കേസുകളിൽ കുടിശ്ശിക അടയ്ക്കുന്നതിന് മാർച്ച് 31 വരെ സമയം അനുവദിച്ചു. ബാക്കിയുള്ള 57 കേസുകളിൽ കുടിശ്ശിക തുക സമയബന്ധിതമായി പിരിച്ചെടുക്കുന്നതിന് ഭക്ഷ്യ ഉപഭോക്തൃകാര്യ കമ്മിഷണർ ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ മറ്റ് ജില്ലകളിലും ഇതേ രീതിയിൽ കുടിശ്ശിക അദാലത്തുകൾ സംഘടിപ്പിച്ച് സർക്കാരിന് ലഭ്യമാകേണ്ട കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള ഊർജ്ജിതശ്രമം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. തദവസരത്തിൽ സിവിൽ സപ്ലൈസ് ചീഫ് അക്കൗണ്ട്‌സ് ഓഫീസർ വി. സൂഭാഷ്, തിരുവനന്തപുരം ജില്ലാ സപ്ലൈസ് ഓഫീസർ സി.എസ്. ഉണ്ണികൃഷ്ണ കുമാർ, ജില്ലയിലെ സിവിൽ സപ്ലൈസ് വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 1108/2022

date