Skip to main content

ജെൻഡർ സംയോജനത്തിൽ ദേശീയ ത്രിദിന ശിൽപ്പശാല ഇന്ന് ( മാർച്ച് 15) മുതൽ‌‌

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് വേണ്ടി  ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെ (നാഷണൽ റൂറൽ ലൈവ് ലി ഹുഡ് മിഷൻ- എൻ.ആർ.എൽ.എം) ഭാഗമായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ത്രിദിന ശിൽപ്പശാലയ്ക്ക് ഇന്ന് (15-03-2022) തൃശൂർ ജോയ് പാലസ് ഹോട്ടലിൽ തുടക്കമാകും. 'ജെൻഡർ സംയോജന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മാതൃകാ ഇടങ്ങളുടെ വികസിപ്പിക്കലും സ്ഥാപന സംവിധാനം ശക്തിപ്പെടുത്തലും' എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിക്കുന്നത്. 

 രാവിലെ പത്തിന് ആരംഭിക്കുന്ന ശില്പശാലയിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ പി.ഐ. ശ്രീവിദ്യ സ്വാഗതം ആശംസിക്കും. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീത കെജരിവാൾ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ഉൾപ്പെടെ രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നുമുള്ള അമ്പതോളം പ്രതിനിധികൾ ശിൽപ്പശാലയിൽ പങ്കെടുക്കും. 

ജെൻഡർ സംബന്ധിയായ  പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി എൻ.ആർ.എൽ.എം- ന്റെ ഭാഗമായി ഓരോ സംസ്ഥാനങ്ങളും വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നുണ്ട്. എല്ലാ എൻ.ആർ.എൽ.എം പദ്ധതികളിലും ജെൻഡർ സംയോജനം സാധ്യമാക്കുന്നതിന്  ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം എല്ലാവിധ സഹായങ്ങളും നൽകി വരുന്നുമുണ്ട്. 2021-22ലെ വാർഷിക പദ്ധതി അനുസരിച്ച് രാജ്യത്തെ 28 സംസ്ഥാനങ്ങളും ജെൻഡർ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സ്ഥാപന സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഈ പ്രവർത്തനങ്ങൾക്ക് മാതൃകയാക്കാനാകുന്ന രണ്ട് മുതൽ നാല് വരെ ബ്ലോക്കുകൾ തെരഞ്ഞെടുക്കുന്നതിനും തീരുമാനിച്ചിട്ടുമുണ്ട്. 

നിലവിൽ ജെൻഡർ മേഖലയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന സംസ്ഥാനങ്ങളുടെ പ്രവർത്തന രീതി പഠിക്കുന്നതിനും പൊതുവായ പ്രവർത്തന തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനുമാണ് ഈ ശിൽപ്പശാല സംഘടിപ്പിച്ചിരിക്കുന്നത്.  സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക്, ജെൻഡർ റിസോഴ്സ് സെന്ററുകൾ തുടങ്ങീ കുടുംബശ്രീ നടപ്പിലാക്കി വരുന്ന വേറിട്ട ജെൻഡർ പ്രവർത്തനങ്ങൾ കണ്ടറിയുന്നതിനായി നടത്തറ, അതിരപ്പിള്ളി,പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സി ഡി എസുകളിലേക്ക് ഫീൽഡ്തല സന്ദർശനവും ശിൽപ്പശാലയുടെെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. മാർച്ച് 17ന് ശിൽപ്പശാല അവസാനിക്കും.

date