ത്രിഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സ്: സൗജന്യപഠനത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതി
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നടത്തുന്ന ത്രിഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീഹിന്ദി കോഴ്സുകളുടെ സൗജന്യപഠനത്തിനായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അവസരമൊരുക്കുന്നു. മറ്റ് ഭാഷകളില്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍, ഭരണഭാഷ മാതൃഭാഷയാക്കിയതോടെ മലയാള ഭാഷയില്‍ ഫയലുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍, സി.ബി.എസ്.ഇ, സെന്‍ട്രല്‍ സ്ക്കൂളുകളില്‍ ഹിന്ദി ഉപഭാഷയായി പഠിക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍, ഇതര സംസ്ഥാനത്തുനിന്ന് വന്ന് വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കുവേണ്ടിയാണ് പച്ചമലയാളം കോഴ്സ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ സംസാരിക്കാനും എളുപ്പത്തില്‍ ഉപയോഗിക്കാനും താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഗുഡ് ഇംഗ്ലീഷ്, അച്ഛീഹിന്ദി കോഴ്സുകള്‍.
നാലു മാസമാണ് ഓരോ കോഴ്സിന്റേയും കാലാവധി. ഞായറാഴ്ചകളില്‍ മൂന്ന് മണിക്കൂര്‍ വീതമാണ് ക്ലാസ്. വിജയികള്‍ക്ക് കേരള സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജില്ലയിലെ 11 ബ്ലോക്കുകളിലും 30 പേര് വീതമുള്ള ഓരോ ക്ലാസുകള്‍ മൂന്ന് ഭാഷകളിലും ആഗസ്റ്റില്‍ ആരംഭിക്കും. കോഴ്സ്ഫീസായ 2000 രൂപ ജില്ലാപഞ്ചായത്ത് നല്‍കും. രജിസ്ട്രേഷന്‍ഫീസ് 500 രൂപ ചലാന്‍ അടച്ച രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ രണ്ടെണ്ണം, ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സെക്രട്ടറിയുടെ ശുപാര്‍ശകത്ത് എന്നിവ സഹിതമുള്ള അപേക്ഷ ഈ മാസം 13 ന് അഞ്ച് മണിക്ക് മുമ്പ് പട്ടം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസില്‍ ലഭിക്കണം. 15 വയസ് പൂര്‍ത്തിയായ ജില്ലാ പഞ്ചായത്ത് പരിധിയിലുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ബാധകമല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2 556 740.
(പി.ആര്.പി 1796/2018)
- Log in to post comments