Skip to main content

ഏറ്റുമാനൂർ മണ്ഡലത്തിലെ എന്റെ കേരളം പ്രചാരണ യാത്ര സമാപിച്ചു

കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രചാരണ യാത്രയുടെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ പര്യടനം  സമാപിച്ചു. തത്സമയ ക്വിസ്, കലാജാഥ, വികസന ചിത്ര-വീഡിയോ പ്രദർശനം എന്നിവ ഉൾപ്പെടുത്തിയുള്ള പരിപാടിയുടെ നിയോജക മണ്ഡലതല ഉദ്ഘാടനം ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ അധ്യക്ഷത വഹിച്ചു. തുടർന്ന് അതിരമ്പുഴ ടൗൺ, തിരുവാർപ്പ് ഇല്ലിക്കൽ ജംഗ്ഷൻ, കുമരകം മാർക്കറ്റ് റോഡ് എന്നിവിടങ്ങളിൽ തത്സമയ ക്വിസ് പരിപാടിയും ഗാനമേളയും അവതരിപ്പിച്ചു.
പൊതുജനങ്ങൾക്കായി നടത്തിയ ക്വിസ് പരിപാടിയിൽ
ശരിയുത്തരം നൽകിയവർക്ക് ട്രോഫിയും പുസ്തകവും സമ്മാനിച്ചു.
അതിരമ്പുഴ ടൗണിൽ എത്തിയ പ്രചാരണ യാത്ര അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗ്ഗീസ്, ഗ്രാമപഞ്ചായത്തംഗം ജോസ് തോമസ് എന്നിവർ പങ്കെടുത്തു. തിരുവാർപ്പ് ഇല്ലിക്കൽ ജംഗ്ഷനിൽ എത്തിച്ചേർന്ന പ്രചാരണ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. അജയ്, പഞ്ചായത്തംഗങ്ങളായ പി.എസ്. ഹസീദ, കെ.ബി. ശിവദാസ് എന്നിവർ പ്രസംഗിച്ചു.

കുമരകം മാർക്കറ്റ് റോഡിൽ എത്തിയ കലാജാഥ പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, പഞ്ചായത്തംഗമായ സ്മിത സുനിൽ, സി.ഡി.എസ്. ചെയർപേഴ്സൺ ഉഷ സാലി എന്നിവർ പങ്കെടുത്തു.

നാളെ (ഏപ്രിൽ 25) കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ നടക്കുന്ന പ്രചാരണ യാത്ര രാവിലെ 10ന് കടുത്തുരുത്തി ജംഗ്ഷനിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 12ന് കുറവിലങ്ങാട് ബസ് വേയിലെത്തുന്ന യാത്ര ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിലും രണ്ടിന് തുരുത്തിപ്പള്ളി ജംഗ്ഷനിൽ ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫനും വൈകിട്ട് നാലിന് കിടങ്ങൂർ ബസ് വേയിൽ കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യുവും ഉദ്ഘാടനം ചെയ്യും.
 

date