Skip to main content

ബി അക്ഷയ് വ്യക്തിഗത ചാമ്പ്യൻ; പുരുഷൻമാരുടെ ഗ്രൂപ്പിൽ കണ്ണൻ, ആദർശ്,  മിക്‌സഡ് ഗ്രൂപ്പിൽ നിധി, കെവിൻ

കണ്ണൂർ കയാക്കത്തോൺ: 

 

ടൂറിസം വകുപ്പും കണ്ണൂർ ഡിടിപിസിയും ചേർന്ന് വളപട്ടണം പുഴയിൽ ഇദംപ്രഥമമായി സംഘടിപ്പിച്ച കണ്ണൂർ കയാക്കത്തോണിൽ വ്യക്തിഗത ഇനത്തിൽ ഒരു മണിക്കൂർ 17 മിനിറ്റിൽ കയാക്കിംഗ് പൂർത്തീകരിച്ച് ആലപ്പുഴ സ്വദേശി ബി അക്ഷയ് വ്യക്തിഗത ചാമ്പ്യനായി. പുരുഷൻമാരുടെ ഗ്രൂപ്പ് ഇനത്തിൽ ഒരു മണിക്കൂർ ആറ് മിനിറ്റിൽ തുഴഞ്ഞെത്തി ആലപ്പുഴ സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ ഒന്നാമതായി. ഗ്രൂപ്പ് മിക്‌സഡ് വിഭാഗത്തിൽ കെ നിധി (ഡൽഹി), കെവിൻ കെ ഷാജി (കോഴിക്കോട്) എന്നിവർ ഒരു മണിക്കൂർ 17 മിനിറ്റിൽ ഒന്നാമതായി.

വ്യക്തിഗത ഇനം: രണ്ടാം സ്ഥാനം ഫെബിൻ തോമസ് (എറണാകുളം) ഒരു മണിക്കൂർ 20 മിനിറ്റ്. പുരുഷൻമാരുടെ ഗ്രൂപ്പ്: രണ്ടാം സ്ഥാനം റിനിൽ ബാബു, കെ വി വൈഷ്ണവ് (എറണാകുളം) ഒരു മണിക്കൂർ 11 മിനിറ്റ്. മിക്‌സഡ് ഗ്രൂപ്പ്: രണ്ടാം സ്ഥാനം: എസ് പി രാഹുൽ, ശരണ്യ എസ് മോഹൻ (തിരുവനന്തപുരം) ഒരു മണിക്കൂർ 22 മിനിറ്റ്.

ആകെ 66 പേരാണ് മത്സര രംഗത്തുണ്ടായത്. വ്യക്തിഗത ഇനത്തിൽ 22 പേരും പുരുഷൻമാരുടെ ഗ്രൂപ്പിൽ രണ്ട് പേരുടെ 14 ടീമുകളും മിക്സഡ് വിഭാഗത്തിൽ രണ്ട് പേരുടെ എട്ട് ടീമുകളും മത്സരിച്ചു.

 വിനോദസഞ്ചാരമേഖലക്ക് പുതിയ അനുഭവങ്ങൾ പകർന്ന ദേശീയ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് കയാക്കത്തോൺ ഞായറാഴ്ച രാവിലെ പറശ്ശിനിക്കടവിൽ തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഫളാഗ് ഓഫ് ചെയ്തു. പറശ്ശിനിക്കടവ് മുതൽ അഴീക്കൽ പോർട്ട് വരെ 11 കി.മീ നീളത്തിലായിരുന്നു മത്സരം. കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, തലശ്ശേരി സബ് കളക്ടർ അനു കുമാരി, ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ, നാറാത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രമേശൻ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പ്രേമരാജൻ, നഗരസഭ അംഗം കെ വി ജയശ്രീ, ഡി ടി പി സി സെക്രട്ടറി ജെ കെ ജിജീഷ് കുമാർ എന്നിവർ സംബന്ധിച്ചു. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, തലശ്ശേരി സബ് കളക്ടർ അനു കുമാരി എന്നിവർ കയാക്കത്തോണിൽ പറശ്ശിനിക്കടവ് മുതൽ ഫിനിഷിങ് പോയിന്റ് വരെ നിറഞ്ഞ ആവേശത്തോടെ പങ്കെടുത്തു.

അഴീക്കോട്‌ പോർട്ടിൽ നടന്ന ചടങ്ങിൽ എം എൽ എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ എന്നിവർ സമ്മാന ദാനം നടത്തി. തലശ്ശേരി സബ് കളക്ടർ അനു കുമാരി, അഴീക്കോട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ അജീഷ് എന്നിവർ സംബന്ധിച്ചു.

 

 ഒന്നാമതെത്തുന്ന ടീമിന് 50,000 രൂപയും രണ്ടാമതെത്തുന്ന ടീമിന് 30,000 രൂപയും സമ്മാനമായി ലഭിച്ചു. വ്യക്തിഗത മത്സരത്തിൽ  ഒന്നാം സ്ഥാനത്തിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 15000 രൂപയുമാണ് സമ്മാനത്തുക.

മത്സരാർഥികളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി കോസ്റ്റൽ  പൊലീസ്, വിവിധ കരകളിൽ  ആംബുലൻസ് സൗകര്യം, ബോട്ടുകളിൽ മെഡിക്കൽ സംഘം, കുടിവെള്ളം, ഫയർ ഫോഴ്സിന്റെ സ്‌ക്യൂബാ ടീം എന്നിവ ഉണ്ടായിരുന്നു.

date