Skip to main content

പട്ടയമേള ചിട്ടയായ ഇടപെടലുകളുടെ വിജയം: മന്ത്രി കെ രാജൻ

പയ്യന്നൂർ താലൂക്ക് തല പട്ടയങ്ങൾ വിതരണം ചെയ്തു

 

ആറടിമണ്ണ് സ്വന്തമായില്ലാത്ത ജനതയ്ക്ക് സ്വന്തം ഭൂമി എന്ന അഭിമാനകരമായ നേട്ടം കൈവരിക്കാനായത് റവന്യൂ വകുപ്പിൻ്റെ ചിട്ടയായ ഇടപെടലുകളുടെ വിജയമാണെന്ന് റവന്യൂ - ഭവന വകുപ്പ് മന്ത്രി അഡ്വ കെ രാജൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷ വേളയിൽ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ എ കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പയ്യന്നൂർ താലൂക്ക് തല പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിൻ്റെ ഏറ്റവും പ്രധാന ലക്ഷ്യമാണ് സാർഥകമാവുന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് 171000 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഭൂവുടമകളെ അങ്ങോട്ട് അന്വേഷിച്ചു പോവുകയാണ് സർക്കാരിൻ്റെ ചുമതല എന്ന പൂർണ ബോധ്യമുണ്ട്. ചട്ടങ്ങളും നിയമപ്രശനങ്ങളും കൊണ്ട് സങ്കീർണമായ ഭൂപ്രശനങ്ങളെ ചങ്ങല ബന്ധിതമായ പ്രവർത്തനങ്ങളിലൂടെയാണ്  റവന്യു വകുപ്പ് കൈകാര്യ ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പെരിങ്ങോം വയക്കര വില്ലേജുകളിലെ മടക്കാംപൊയിൽ, കൊരമ്പക്കല്ല് നിവാസികളുടെ ദീർഘകാലമായുള്ള ഭൂപ്രശ്നങ്ങൾക്ക് പട്ടയമേളയിലൂടെ ശാശ്വത പരിഹാരമായി.
വയക്കര വില്ലേജിലെ കൊരമ്പക്കല്ല് കോളനിയിൽ നാല്പത് വർഷത്തിലധികമായി മിച്ചഭൂമിയിൽ താമസിക്കുന്ന പട്ടികജാതി കോളനിയിലെ 11 കുടുംബങ്ങൾക്കും പെരിങ്ങോം വില്ലേജിലെ മടക്കാംപൊയിലിലെ 10 കുടുംബങ്ങൾക്കും പട്ടയം നൽകി.
ഏഴോം വില്ലേജിലെ കൊട്ടിലയിലെ 11 കുടുംബങ്ങൾക്ക് ലക്ഷം വീട് പട്ടയങ്ങൾ നൽകി. 200 പേർക്ക് ലാൻ്റ് ട്രിബ്യൂണൽ പട്ടയങ്ങളും നൽകി. ആകെ 232 പട്ടയങ്ങളാണ് പയ്യന്നൂർ താലൂക്കിൽ വിതരണം ചെയ്തത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. എം പി മാരായ രാജ്മോഹൻ ഉണ്ണിത്താൻ, പി സന്തോഷ് കുമാർ, പെരിങ്ങോം -വയക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം ഉണ്ണികൃഷ്ണൻ, ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ഗോവിന്ദൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, എഡിഎം കെ കെ ദിവാകരൻ,ആർ ഡി ഒ ഇ പി മേഴ്സി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date