Skip to main content

ഇരിട്ടി താലൂക്ക് ഓഫീസ് വേഗത്തില്‍ യാഥാര്‍ഥ്യമാക്കും: മന്ത്രി അഡ്വ. കെ രാജന്‍ ഇരിട്ടി താലൂക്കില്‍ 394 പേര്‍ കൂടി ഭൂവടമകളായി  

ഇരിട്ടി താലൂക്ക് ഓഫീസ് കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പില്‍ '100 ദിനം 200 പദ്ധതികള്‍' ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഇരിട്ടി താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പയഞ്ചേരിയില്‍ നിര്‍മ്മാണ പ്രവൃത്തിക്ക് കഴിഞ്ഞവര്‍ഷം തറക്കല്ലിട്ടെങ്കിലും സാങ്കേതിക തടസ്സം കാരണം നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനായിട്ടില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇരിട്ടി താലൂക്ക് ഓഫീസ് നിര്‍മ്മാണം യാഥാര്‍ഥ്യമാക്കി മിനി സിവില്‍ സ്റ്റേഷനായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന്റെ അപേക്ഷകരെ അന്വേഷിച്ച് പോകും. ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പട്ടയമേളയുടെ സമാപനത്തില്‍ ജില്ലയിലെ മൂവായിരം കുടുംബങ്ങള്‍ക്കു കൂടി പട്ടയം വിതരണം ചെയ്യാനുള്ള നടപടികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചാവശ്ശേരിയിലെ ടി പി ജിറിഷക്ക് ആദ്യപട്ടയം നല്‍കി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. 34 ലക്ഷംവീട് പട്ടയമടക്കം താലൂക്കിലെ 394 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.
ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായി. പി സന്തോഷ്‌കുമാര്‍ എംപി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ സുധാകരന്‍ (പേരാവൂര്‍), കെ വേലായുധന്‍ (ഇരിട്ടി), ഇരിട്ടി നഗരസഭാ അധ്യക്ഷ കെ ശ്രീലത, അംഗം വി പി അബ്ദുല്‍റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രാജേഷ് (ആറളം), കുര്യാച്ചന്‍ പൊമ്പള്ളിക്കുന്നേല്‍ (അയ്യന്‍കുന്ന്), റോയി നമ്പുടാകം(കൊട്ടിയൂര്‍), ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തലശ്ശേരി സബ്കലക്ടര്‍ അനുകുമാരി, എഡിഎം കെ കെ ദിവാകരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സക്കീര്‍ ഹുസൈന്‍, ബാബുരാജ് പായം, പി കെ ജനാര്‍ദനന്‍, എം എം മജീദ്, ബെന്നിച്ചന്‍ മഠത്തിനകം, മുഹമ്മദലി, ബാബുരാജ് ഉളിക്കല്‍, വത്സന്‍ അത്തിക്കല്‍, താജുദീന്‍ മട്ടന്നൂര്‍, രാജു മൈലാടിയില്‍, എ കെ ഇബ്രാഹിം, ജയ്‌സണ്‍ ജീരകശേരി, കെ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

date