Skip to main content

നാല് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സുന്ദര സംസ്ഥാനമാക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

നാല് വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സുന്ദര സംസ്ഥാനമായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും ചേര്‍ന്ന് ഹരിത കര്‍മ്മസേനക്ക് നല്‍കുന്ന ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ താക്കോല്‍ ദാനവും ഫ്ളാഗ് ഓഫും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ 21 ഗ്രാമ പഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്കാണ് ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാക്കിയത്.

ലോക ടൂറിസം മേഖലയില്‍ തന്നെ സവിശേഷമായ സ്ഥാനമുള്ള നാടാണ് കേരളം. ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയും നമുക്കുണ്ട്. ഇവിടത്തെ പ്രകൃതിയുടെ സവിശേഷതകള്‍ സംരക്ഷിച്ച് ഈ മനോഹര ഭൂമിയെ സുന്ദര പ്രദേശമായി നിലനിര്‍ത്തണം. അതിന് ശുചിത്വം ഏറ്റവും പ്രധാനമാണ്. ചിലയിടങ്ങളിലെങ്കിലും മൂക്കുപൊത്താതെ സഞ്ചരിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ട്. അത് ഇനി ഉണ്ടാവാന്‍ പാടില്ല. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയമായ മാലിന്യ സംസ്‌കരണമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളും നാല് വര്‍ഷം കൊണ്ട് ശാസ്ത്രീയമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഉണ്ടാക്കണം. ഇക്കാര്യത്തില്‍ ഫണ്ടില്ലാത്ത പ്രശ്‌നമില്ല. നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് 2500 കോടിയുടെ പദ്ധതി നിലവിലുണ്ട്. അമൃത് പദ്ധതിയില്‍ 3000 കോടിയും ലഭ്യമാണ്. പത്ത് വര്‍ഷത്തെ പരിപാലനമടക്കം കരാറിന്റെ ഭാഗാമാക്കിയാണ് പുതിയ പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഇതോടൊപ്പം ഉറവിട മാലിന്യ സംസ്‌കരണവും ശക്തമായി നടപ്പാക്കണം. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ബോധവല്‍ക്കരണം പ്രധാനമാണ്.
ശുചിത്വ കേരളമെന്ന വലിയ ഉദ്യമത്തിന്റെ മുന്നണി പോരാളികളാണ് ഹരിത കര്‍മ്മസേന. മാലിന്യം മൂല്യമുള്ള സമ്പത്തായി മാറിയിട്ടുണ്ട്. മാലിന്യത്തിന് ഏറ്റവും കൂടുതല്‍ വില കിട്ടിയ ജില്ലകളില്‍ ഒന്നാണ്് കണ്ണൂര്‍. ശുചിത്വ മിഷന്റെ ഭാഗമായി ദിശാബോധത്തോടു കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും മുന്‍കൈ എടുക്കണമെന്നും മന്ത്രി പറഞ്ഞു.
ശുചിത്വമിഷന്‍ ഫണ്ടും ഗ്രാമപഞ്ചായത്തുകളുടെ ധനകാര്യ കമ്മീഷന്‍ ഗ്രാന്റും ഉപയോഗിച്ചാണ് 21 ഗ്രാമപഞ്ചായത്തുകള്‍ക്ക് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങള്‍ നല്‍കിയത്. ജില്ലയിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ഈ വാഹനങ്ങള്‍ ഉപകരിക്കും. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ തന്നെ വാഹനങ്ങള്‍ ഓടിക്കുകയും വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അജൈവ മാലിന്യങ്ങള്‍ മിനി എം സി എഫുകളിലേയ്ക്കും എം സി എഫുകളിലേക്കും എത്തിക്കുകയും ചെയ്യും. മാട്ടൂല്‍, കല്ല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കരിവെളളൂര്‍-പെരളം, നാറാത്ത്, പരിയാരം, നടുവില്‍, കൊളച്ചേരി, കുറ്റിയാട്ടൂര്‍, ഏഴോം, മുഴപ്പിലങ്ങാട്, ന്യൂമാഹി, തില്ലങ്കേരി, കുന്നോത്തുപറമ്പ്, കൂടാളി, ചെങ്ങളായി, കുറുമാത്തൂര്‍, മുഴക്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനക്കുളള വാഹനങ്ങളാണ്  നല്‍കിയത്.
ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പളളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ഹരിത കര്‍മ്മസേനക്കുളള ക്യാഷ് ബുക്കും ലഡ്ജറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കൈമാറി. ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എം ശ്രീധരന്‍, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ടി ബാലഭാസ്‌ക്കരന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ശുചിത്വമിഷന്‍ എഡിസി പി എം രാജീവ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ഇ വി കേരള പ്രതിനിധി ഗുരു ശ്യാം, ശുചിത്വ മിഷന്‍ അസി. കോര്‍ഡിനേറ്റര്‍ എ ഗിരാജ് എന്നിവര്‍ സംസാരിച്ചു

date