Skip to main content

ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റും: അഡ്വ. കെ രാജന്‍

കൂത്തുപറമ്പില്‍ 1037 പേര്‍ക്ക് പട്ടയം നല്‍കി

ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. കൂത്തുപറമ്പ് സിറ്റി ഓഡിറ്റോറിയത്തില്‍ കൂത്തുപറമ്പ് പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ വേളയില്‍ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി 285 ലേറെ പരിപാടികളാണ് റവന്യൂ വകുപ്പ് നടത്തിയത്. എംഎല്‍എമാരെയും റവന്യൂ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ജില്ലാതല റവന്യൂ അസംബ്ലി വിളിച്ച് ചേര്‍ത്താണ് ഭൂരഹിതരെ കണ്ടെത്തുന്നതിനും പട്ടയ വിതരണം നടത്തുന്നതിനും പദ്ധതി തയ്യാറാക്കിയത്. കൂത്തുപറമ്പില്‍ മാത്രം കൂത്തുപറമ്പ് എല്‍ ടി, ആര്‍ ആര്‍ തലശ്ശേരി എല്‍ ടി - 1 എന്നിങ്ങനെയായി 1037 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 1037 കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയുടെ അവകാശം ലഭിച്ചു. എന്നാണിതിനര്‍ത്ഥം. ചരിത്രനേട്ടമാണിത്. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്നതാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ മുദ്രാവാക്യം ഇത് നടപ്പാക്കാനുള്ള പ്രവര്‍ത്തനമാണ് റവന്യൂ വകുപ്പ് നടത്തുന്നത്-മന്ത്രി കെ രാജന്‍ പറഞ്ഞു. തെരഞ്ഞെടുത്ത 18 പേര്‍ക്കാണ് വേദിയില്‍ വച്ച് പട്ടയം നല്‍കിയത്.
കെ പി മോഹനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പി സന്തോഷ് കുമാര്‍ എം പി വിശിഷ്ട സാന്നിധ്യമായി.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, എഡിഎം കെ കെ ദിവാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) പി ഷാജു, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ എ) ടി വി രഞ്ജിത്ത്, തഹസില്‍ദാര്‍മാരായ പി എം ജോസ് കുമാര്‍, ബിജു സുധാകര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ധനഞ്ജയന്‍ (സി പി ഐ എം), സി വിജയന്‍ (സി പി ഐ), വി ബി അഷ്‌റഫ് (ഐഎന്‍സി ), എ ടി അഷ്റഫ് ഹാജി (ഐ യു എം എല്‍), ശ്രീനിവാസന്‍ മാറോളി (എന്‍ സി പി ), എന്‍ ധനഞ്ജയന്‍ (എല്‍ ജെഡി), മുസ്തഫ ഹാജി (ജെ ഡി എസ് ), വി പി മുഹമ്മദ് റാഫി (ഐ എന്‍ എല്‍), വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date