Skip to main content

ഭൂമി സ്വന്തം; പാപ്പിനിശ്ശേരിയിലെ സിന്ധുവിന് ഇനി സ്വപ്ന വീടൊരുക്കാം

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി സ്വന്തമായി വീട് വെക്കുന്നതിനായി നാല് സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ച സന്തോഷത്തിലാണ് പാപ്പിനിശ്ശേരിയിലെ പി സിന്ധു. അനീമിയ രോഗബാധിതനായ ഭര്‍ത്താവ് ബാലകൃഷ്ണന്റെ മരണശേഷം വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു സിന്ധു. ഭര്‍ത്താവിന്റെ ചികിത്സക്കായി വാങ്ങിയ അഞ്ച് ലക്ഷത്തോളം രൂപയുടെ കടബാധ്യതയിലാണിപ്പോള്‍. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ ഭാഗമായി വീട് അനുവദിച്ചിരുന്നെങ്കിലും സ്ഥലം ഇല്ലാത്തതിനാല്‍ വീട് എടുക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് പഞ്ചായത്തിന്റ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച നാല് സെന്റ് ഭൂമിയില്‍ വീട് പണി ആരംഭിച്ചു. ക്യാന്റീന്‍ ജോലിക്കാരിയായിരുന്ന സിന്ധു 2020 ല്‍ കണ്ണൂര്‍ താലൂക്കില്‍  പട്ടയത്തിനായി അപേക്ഷ നല്‍കി. സ്വന്തമായി ഭൂമിയെന്ന ചിരകാല സ്വപ്നം തളിപ്പറമ്പിലെ പട്ടയമേളയിലൂടെ സഫലമായതിന്റെ സന്തോഷത്തിലാണ് സിന്ധു. പി ജി വിദ്യാര്‍ഥിയായ ഏക മകള്‍ നിമിഷയോടൊപ്പം വാടക വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. പട്ടയം നല്‍കിയ സര്‍ക്കാരിന് ഏറെ നന്ദിയുണ്ടെന്നും സിന്ധു പറഞ്ഞു.

date