Skip to main content

'തെളിനീരൊഴുകും നവകേരളം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം കോയ്യോട് മണിയലം ചിറയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ജലസ്രോതസ്സുകളില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്നും പ്രസിഡണ്ട് പറഞ്ഞു. ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കോയ്യോട് മണിയലം ചിറയില്‍ ആറ് കിലോമീറ്റര്‍ നീളമുള്ള ചാലത്തോട് ശുചീകരിച്ചു കൊണ്ടാണ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്.
'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ക്യാമ്പയിനാണ് സംഘടിപ്പിക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തന ഏകോപനത്തിനായി ജലസമിതികള്‍ രൂപീകരിച്ചു. പദ്ധതിയുടെ ഭാഗമായി മാലിന്യത്തിന്റെ ഉറവിടങ്ങളെ പട്ടികപ്പെടുത്തല്‍, ജലസ്രോതസ്സുകളുടെ ശുചിത്വാവസ്ഥ വിലയിരുത്തല്‍ എന്നിവ ലക്ഷ്യമിട്ട് ജലസഭകളും വിളിച്ചു ചേര്‍ക്കും. തുടര്‍ന്ന്  ജനകീയ ശുചിത്വ യജ്ഞം ആരംഭിക്കും. ജലശുചിത്വ സുസ്ഥിരതയ്ക്കായി ജനകീയ ജലവിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിക്കും. വാതില്‍പ്പടി പാഴ് വസ്തു ശേഖരണം നടപ്പാക്കല്‍, ജല സ്രോതസ്സുകള്‍ മലിനീകരിക്കുന്നവര്‍ക്കെതിരെ ജനകീയ വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തല്‍, ജലസ്രോതസ്സുകളിലേക്ക് ജനകീയ പങ്കാളിത്തത്തോടെ 'ജലനടത്തം', വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തല്‍, ജനകീയ ശുചീകരണ യജ്ഞം തുടങ്ങിയവയെല്ലാം ക്യാമ്പയിനിലൂടെ നടക്കും.

ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്് കെ ദാമോദരന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രസീത, ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ ടി രതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു, തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ ആശംസ് ഫിലിപ്പ്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി എം ബിന്ദു, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
 

date