Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-04-2022

കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം 26ന്

മട്ടന്നൂര്‍ മണ്ഡലത്തിലെ കരേറ്റ-കാഞ്ഞിലേരി-കുണ്ടേരിപ്പൊയില്‍-മാലൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം ഏപ്രില്‍ 26ന് നടക്കും. കാഞ്ഞിലേരി ഗവ. എല്‍ പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

മയ്യില്‍ - കാഞ്ഞിരോട് റോഡ് ഉദ്ഘാടനം 25ന്

കിഫ്ബി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മയ്യില്‍ - കാഞ്ഞിരോട് റോഡ് ഉദ്ഘാടനം ഏപ്രില്‍ 25ന് വൈകിട്ട് അഞ്ച് മണിക്ക് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കട്ടോളി കനാല്‍ പാലത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അധ്യക്ഷനാകും.  വി ശിവദാസന്‍ എംപി, രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
തളിപ്പറമ്പ്, കണ്ണൂര്‍ നിയോജക മണ്ഡലങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് മയ്യില്‍, കുറ്റിയാട്ടൂര്‍, മുണ്ടേരി, കൂടാളി ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോഡാണിത്.  മയ്യില്‍ ടൗണില്‍ നിന്നും ആരംഭിച്ച് ചെറുവത്തലമൊട്ട വഴി മായന്‍മുക്ക്  ജംഗ്ഷനില്‍ എത്തിച്ചേരുന്ന റോഡിന് ആകെ 9.7 കി മി ആണ് നീളം. ഏഴ് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ് നടത്തുകയും ആവശ്യമായ റോഡ് സുരക്ഷാ മാര്‍ഗങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ റിസോഴ്‌സ് സെന്ററില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരുടെ പാനല്‍ തയ്യാറാക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം ഫില്‍, ആര്‍ സി ഐ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ഫോട്ടോ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ മെയ് ഏഴിന് വൈകിട്ട് അഞ്ചു മണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഷോപ്പിങ്ങ് കോംപ്ലക്‌സ്, രണ്ടാംനില, റൂം നമ്പര്‍ എസ് 6, തലശ്ശേരി-670104 എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ നേരിട്ടോ സമര്‍പ്പിക്കണം. ഫോണ്‍: 0490 2967199.

ഓംബുഡ്‌സ്മാന്‍ സിറ്റിംഗ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എന്‍ ആര്‍ ഇ ജി എസ് ഓംബുഡ്‌സ്മാന്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. മെയ് നാലിന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് സിറ്റിംഗ്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ട് ഓംബുഡ്‌സ്മാന് സമര്‍പ്പിക്കാം.

ഭരണാനുമതി

കൂത്തുപറമ്പ് എം എല്‍ എയുടെ 2021-2022 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും 14.91 ലക്ഷം രൂപ വിനിയോഗിച്ച് പാനൂര്‍ നഗരസഭയിലെ പാനൂര്‍ ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കല്‍ പ്രവൃത്തി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

 
വൈദ്യുതി മുടങ്ങും

കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ സ്റ്റേഡിയം, പഴയ ബസ്സ്റ്റാന്റ് ഫ്രൂട്ട് മാര്‍ക്കറ്റ് , എസ് പി സി എ റോഡ്, ഫാത്തിമ ഹോസ്പിറ്റല്‍, കെ വി ആര്‍ ടവര്‍, മഹാത്മാ മന്ദിരം, ജില്ലാ ബേങ്ക്, മഹിത, ടെലഫോണ്‍ ഭവന്‍ എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 24 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.

ഗതാഗതം നിരോധിച്ചു

മാട്ടൂല്‍-മടക്കര റോഡില്‍ ഏപ്രില്‍ 25ന് മെക്കാഡം പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടി കടന്നു പോകേണ്ട വാഹനങ്ങള്‍ ഇരിണാവ് കെ എസ് ടി പി റോഡ്- പഴയങ്ങാടി- ബീവി റോഡ് വഴി മാട്ടൂല്‍ ഭാഗത്തേക്കും തിരിച്ചും ഗതാഗതം നടത്തേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

താല്‍ക്കാലിക അധ്യാപക നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പട്ടുവം മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, കണക്ക്, ഫിസിക്കല്‍ എജുക്കേഷന്‍, മ്യൂസിക്, എം സി ആര്‍ ടി എന്നീ വിഷയങ്ങളിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളിലുമാണ് നിയമനം. അപേക്ഷകള്‍ ഏപ്രില്‍ 30 വൈകിട്ട് അഞ്ചിനകം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡിപി ഓഫീസില്‍ സമര്‍പ്പിക്കണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ അപേക്ഷിച്ചാല്‍ മതി. ഫോണ്‍: 0497 2700357 (ഐടിഡിപി), 0460 2203020 (മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കണ്ണൂര്‍).

ദര്‍ഘാസ്

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/ കാര്‍ വാടകക്ക് നല്‍കുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് മെയ് ഒമ്പതിന് ഉച്ചക്ക് രണ്ടു മണിക്കകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 0490 2967199

date