Skip to main content

കുടിവെള്ള കണക്ഷന്‍ നല്‍കി  റെക്കോര്‍ഡിട്ട് വാട്ടര്‍ അതോറിറ്റി ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്  41,377 കണക്ഷനുകള്‍

 

    എറണാകുളം ജില്ലയില്‍ റെക്കോര്‍ഡ് കുടിവെള്ള കണക്ഷനുകള്‍ നല്‍കി മുന്നോട്ടു പോകുകയാണ് വാട്ടര്‍ അതോറിറ്റി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 41,377 കണക്ഷനുകളാണ് ജലജീവന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നല്‍കിയത്. 71.85 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 

    ആലുവ ഡിവിഷന്റെ കീഴില്‍ 21,628 കണക്ഷനുകളാണ് നല്‍കിയത്. ഇതിനായി 36.5 കോടി രൂപ ചെലവഴിച്ചു. മുവാറ്റുപുഴ ഡിവിഷന്റെ കീഴില്‍ 11,707 കണക്ഷനുകള്‍ നല്‍കി. 23.09 കോടി രൂപ ഇതിനായി വിനിയോഗിച്ചു.

    കൊച്ചി ഡിവിഷന്റെ കീഴില്‍ 1148 പുതിയ കണക്ഷനുകളും നല്‍കി. 1.38 കോടി രൂപ ചെലവഴിച്ചായിരുന്നു പ്രവര്‍ത്തനം. 6894 കുടിവെള്ള കണക്ഷനുകളാണ് എറണാകുളം വാട്ടര്‍ സപ്ലൈ ഡിവിഷന്റെ കീഴില്‍ നല്‍കിയത്. ഇതിനായി 10.88 കോടി രൂപ വിനിയോഗിച്ചു.

    കേന്ദ്രസര്‍ക്കാര്‍ 45% വിഹിതവും സംസ്ഥാന സര്‍ക്കാര്‍ 30% വിഹിതവും ഗ്രാമപഞ്ചായത്ത് 15% വിഹിതവും 10% ഗുണഭോക്തൃ വിഹിതവും എടുത്തു മൂന്നുവര്‍ഷം കൊണ്ട് കേരളത്തിലെ 50 ലക്ഷം വരുന്ന മുഴുവന്‍ ഗ്രാമീണ കുടുംബങ്ങള്‍ക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ജലജീവന്‍ മിഷന്‍. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കണക്ഷനുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് വാട്ടര്‍ അതോറിറ്റി.

date