Skip to main content
എന്റെ കേരളം പ്രദർശന വിപണന മേളയിലെ ദ്യശ്യങ്ങൾ

പൂരക്കാഴ്ചകൾക്ക് കൊടിയിറങ്ങി 

 

'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് ഉജ്ജ്വല സമാപനം 

സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് ഉജ്ജ്വല കൊടിയിറക്കം. തേക്കിന്‍കാട് മൈതാനം - വിദ്യാര്‍ത്ഥി കോര്‍ണറില്‍ കഴിഞ്ഞ ഏഴ് ദിവസമായി നടന്ന വികസന പൂരക്കാഴ്ചകൾക്കാണ് സമാപനമായത്. ആദ്യ ദിനം മുതൽ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേള. കുതിരാൻ തുരങ്കത്തിലൂടെ പ്രവേശിച്ച് ഗ്രാമീണ കേരളത്തിന്റെ സൗന്ദര്യവും പുത്തൂരിലെ സുവോളജിക്കൽ പാർക്കും ഉൾപ്പെടെ കാണികളെ കാത്തിരുന്ന കാഴ്ചകൾ ഒട്ടനവധിയാണ്. 

കാഴ്ചക്കാരുടെ കണ്ണുകളിൽ ഒരു കൊച്ചു കേരളം ഒരുക്കിയാണ് പ്രദർശനം പതിവ് മാതൃകകളിൽ നിന്ന് വേറിട്ട് നിന്നത്. കേരളത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങൾ, വികസന പ്രവർത്തനങ്ങൾ എന്നു തുടങ്ങി എല്ലാ മേഖലകളെയും വ്യക്തമായി ചിത്രീകരിച്ചാണ് എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ജനഹൃദയങ്ങളിലെത്തിയത്. 

പിന്നിട്ട വർഷങ്ങളിൽ കേരളത്തിന് ലഭിച്ച നേട്ടങ്ങൾ, പൂർത്തീകരിച്ച ഒട്ടനവധി പദ്ധതികൾ, കേരളത്തിന്റെ  ധന്യമായ ചരിത്രം, നാം കൈവരിച്ച അഭിമാനകരമായ നേട്ടങ്ങള്‍, ഭാവിയിലേക്കുള്ള ചുവടുവയ്പ്പുകള്‍ എന്നിവയെക്കുറിച്ചുള്ള ആകര്‍ഷകമായ കാഴ്ചാനുഭവങ്ങൾ  ഏവരെയും അത്ഭുതപ്പെടുത്തി. കേരളത്തിലെ ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയവ ചിത്രീകരിക്കുന്ന കേരളത്തെ അറിയാന്‍ എന്ന പവലിയൻ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വ്യത്യസ്തമായ ടൂറിസം അനുഭവങ്ങള്‍ വാക്ക് വേയിലൂടെ നടന്ന് ആസ്വദിക്കാവുന്ന രീതിയിലാണ് ടൂറിസം വകുപ്പ് പവലിയൻ ഒരുക്കിയത്. 

നൂറോളം കൊമേഷ്സ്യല്‍ സ്റ്റാളുകള്‍ ഉള്‍പ്പെടെ 180 ലേറെ സ്റ്റാളുകളാണ് മേളയില്‍ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും  സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉല്‍പ്പന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉല്‍പ്പന്നങ്ങളുമാണ് പ്രദര്‍ശനത്തിനും വിപണനത്തിനുമായി എത്തിയത്. കൂടാതെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുകളും മേളയുടെ ഭാഗമായി. അക്ഷയയുടെ ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, ജീവിതശൈലീ രോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാല്‍, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകള്‍ എന്നിവയുടെ പരിശോധന, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, കരിയര്‍ ഗൈഡന്‍സ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള കൗണ്‍സലിംഗ്, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിര്‍ണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളില്‍ ലഭിച്ച സൗജന്യ സേവനങ്ങള്‍. ഇതിനു പുറമെ, ദുരന്ത നിവാരണം, സ്വയം പ്രതിരോധം എന്നിവയുടെ ഡെമോകളും സുരക്ഷിത വൈദ്യുതി, വാതക ഉപയോഗം, ലഹരി വിമുക്തി തുടങ്ങിയവയെ കുറിച്ചുള്ള ബോധവല്‍ക്കരണവും മേളയില്‍ നടന്നു.   മേളയോടനുബന്ധിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ്കോര്‍ട്ടും ഒരുങ്ങിയിരുന്നു. 

മേള നടന്ന ദിവസങ്ങളില്‍ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികള്‍ പൂരനഗരിയെ ആവേശത്തിലാഴ്ത്തി. അഞ്ച് മുതല്‍ ആറ് മണി വരെയും ഏഴ് മണിക്കു ശേഷവുമുള്ള രണ്ട് സെഷനുകളിലായാണ് പരിപാടികള്‍ നടന്നത്. ജില്ലയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കലാ സംഘങ്ങളാണ് എന്റെ കേരളം അരങ്ങിലെത്തിയത്.

date