Skip to main content
എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി കെ രാധാക്യഷ്ണൻ നിർവഹിക്കുന്നു

"എന്റെ കേരളം" *സർക്കാരിന്റെ ക്ഷേമ- വികസന പ്രവർത്തനങ്ങളുടെ നേർസാക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണൻ

 

സംസ്ഥാനസർക്കാരിന്റെ ക്ഷേമ- വികസന പ്രവർത്തനങ്ങളുടെ നേർസാക്ഷ്യമായിരുന്നു എൻ്റെ കേരളം മെഗാ പ്രദർശന വിപണന മേളയെന്ന് 
പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. വിവിധ വകുപ്പുകൾ സംസ്ഥാനത്ത് നടപ്പാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് നേരിട്ട് ബോധ്യപ്പെടാൻ കഴിഞ്ഞതാണ് മേളയുടെ വിജയമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ജനങ്ങളിൽ നിന്ന് സർക്കാർ ഒന്നും മറയ്ക്കുന്നില്ല. മറിച്ച് സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സാംസ്കാരിക, സാമൂഹിക തലങ്ങളിൽ കേരളം മുന്നിലാണ്. സമാനമായി വികസനത്തിലും മുന്നോട്ടുപോകണം. വികസന സാധ്യതകൾ മുഴുവൻ  ഉപയോഗപ്പെടുത്താനാകണം. അതിനായി യുവതയ്ക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും വൈജ്ഞാനിക സമ്പത്ത് വളർത്തിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സമീപകാലത്ത് സംഘടിപ്പിച്ച പരിപാടികളിൽ ഏറ്റവും മികവുറ്റതാണ് എന്റെ കേരളം മേള എന്നും നഗരത്തിന് മേള അത്ഭുതമാണ് സമ്മാനിച്ചതെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച  റവന്യൂമന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. ആറ് വർഷത്തെ കേരളത്തിന്റെ മുന്നേറ്റം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ മേളയിലൂടെ സാധിച്ചെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ മുരളി പെരുനെല്ലി എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ വി നഫീസ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ടി വി സുരേന്ദ്രൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ, 
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്  വി നന്ദകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

date