Skip to main content
കുടുംബശ്രീ സംഘടിപ്പിച്ച ബേക്കറി പാചക മത്സരത്തിൽ നിന്ന്

രുചിപ്പൂരത്തിന്റെ കൊട്ടിക്കലാശം: ആവേശമായി ബേക്കറി വിഭവങ്ങളുടെ പാചകമത്സരം

 

അരിപ്പൊടിയും ശര്‍ക്കരയും പഴവും ഒക്കെ ചേര്‍ത്ത് എണ്ണയില്‍ മൊരിച്ചെടുത്ത നല്ല നാടന്‍ ഉണ്ണിയപ്പം... കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കൊതിയൂറുന്നില്ലേ.. ഇത്തരത്തില്‍ ഏതൊരു മനുഷ്യന്റെയും രുചി മുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന  വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് എന്റെ കേരളം പ്രദര്‍ശന വിപണ മേളയുടെ വേദിയില്‍ അരങ്ങേറിയ പാചക മത്സരത്തില്‍ അണിനിരന്നത്.  അവസാന ദിവസമായ ഞായറാഴ്ച നടന്ന കുടുംബശ്രീയുടെ ബേക്കറി വിഭവങ്ങളുടെ പാചക മത്സരം അക്ഷരാര്‍ത്ഥത്തില്‍ മേളയുടെ രുചിപ്പൂരത്തിന്റെ കൊട്ടിക്കലാശമായി. 

ഉഴുന്നുവട, ഡേറ്റ്‌സ് അവല്‍ എന്നിവ കൊണ്ട് ഉണ്ടാക്കിയ ഹല്‍വ, ചക്ക കൊണ്ടുള്ള ഹല്‍വ, ഡോണറ്റ്‌സ്, സമൂസ, പിസ്സ, കട്‌ലറ്റ്, വിവിധ തരം പുഡ്ഡിങ്ങുകള്‍, സാന്‍ഡ്വിച്ചുകള്‍, പൊട്ടാറ്റൊ വെഡ്ജസ്, ബേഡ്‌സ് നെസ്റ്റ് തുടങ്ങി തനി നാടന്‍ ഉല്‍പ്പന്നങ്ങള്‍ മുതല്‍ വെസ്റ്റേണ്‍ വിഭവങ്ങള്‍ വരെ രണ്ടു മണിക്കൂറിനുള്ളില്‍ മത്സരാര്‍ത്ഥികള്‍ അണിയിച്ചൊരുക്കി. മൂന്നും നാലും വെറൈറ്റികള്‍ ഉണ്ടാക്കിയ മത്സരാര്‍ത്ഥികളും ഇക്കൂട്ടത്തില്‍ ഉണ്ട്. 

അരി ഹല്‍വ, അരച്ച എള്ളുണ്ട എന്നിവ ഉണ്ടാക്കിക്കൊണ്ട് മുല്ലശ്ശേരി ബ്ലോക്കിലെ സരിത എന്‍ എസ് മത്സരത്തില്‍ ഒന്നാമത്തെത്തി. കൊടകര ബ്ലോക്കിലെ നിറ്റി സത്യജിത്തിനാണ് രണ്ടാം സ്ഥാനം. പഴയന്നൂര്‍ ബ്ലോക്കിലെ റോസ്ലി മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 15 ബ്ലോക്കുകളില്‍ നിന്നുള്ള വനിതകളാണ്  മത്സരത്തില്‍ പങ്കെടുത്തത്. രുചിക്ക് ഒപ്പം പോഷകഗുണവും കൂടി ഉറപ്പ് വരുത്തിക്കൊണ്ടാണ് മിക്ക മത്സരാര്‍ഥികളും പാകം ചെയ്തത്.

കെടിഡിസി സീനിയര്‍ ഷെഫ് വി മനോജ്,  ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജെനി തോമസ് , ഐഫ്രം ഫാക്കല്‍റ്റി ദയാശീലന്‍ എന്നിവരുള്‍പ്പെടുന്ന വിധികര്‍ത്താക്കളാണ് വിജയികളെ തെരഞ്ഞെടുത്തത്.

date