Skip to main content

എന്റെ കേരളത്തിന്റെ കരുതലിൽ അവർ

 

ഭിന്നശേഷിക്കാർ,  വയോജനങ്ങൾ തുടങ്ങി സമൂഹത്തിലെ  ദുർബല വിഭാഗത്തെ ചേർത്ത് നിർത്തുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. ജില്ലയിലെ വയോജനക്ഷേമ സ്ഥാപനങ്ങൾ, ഭിന്നശേഷിക്കാരുടെ സ്ഥാപനങ്ങൾ, ഭിന്നശേഷി പരിശീലന കേന്ദ്രങ്ങൾ, സ്പെഷ്യൽ സ്കൂളുകൾ എന്നിവിടങ്ങളിലെ അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്കായി സ്റ്റാൾ ഒരുക്കിയിരിക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. ചിരട്ട കൊണ്ടുള്ള ക്രാഫ്റ്റ് ഉപകരണങ്ങൾ, ഭിന്നശേഷിക്കാർ നിർമ്മിക്കുന്ന മുത്തുമാലകൾ, പേപ്പർ ആർട്ട് ഉൽപ്പന്നങ്ങൾ, എൽ ഇ ഡി ബൾബുകൾ, പ്ലാസ്റ്റിക് മാലകൾ, പേപ്പർ ബാഗുകൾ, നെറ്റിപ്പട്ടം, ഇൻഡോർ ചെടികൾ, വെളിച്ചെണ്ണ , മെഴുകുതിരി , വരുമാന മാർഗത്തിനായി മാനസിക വൈകല്യമുള്ളവരുടെ അമ്മമാർ നിർമ്മിക്കുന്ന ചവിട്ടികൾ തുടങ്ങി വിവിധങ്ങളായ ഉൽപ്പന്നങ്ങളാണ് വിപണനത്തിനായി സ്റ്റാളിൽ എത്തിയിരിക്കുന്നത്.
വയോജനങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനുള്ള ഭരണഘടന അനുവദിക്കുന്ന നിയമവശങ്ങളെയും , അംഗപരിമിതർക്കുള്ള ക്ഷേമ പദ്ധതികൾ, വയോജന ക്ഷേമ പദ്ധതികൾ, ട്രാൻസ്ജെൻഡർ ക്ഷേമ പദ്ധതികൾ, സാമൂഹ്യ പ്രതിരോധ പദ്ധതികൾ തുടങ്ങിയവയെ കുറിച്ച് ബോധവൽക്കരണവും സ്റ്റാളുകളിൽ സംഘടിപ്പിക്കുന്നുണ്ട്. ഡിമെൻഷ്യ സൗഹൃദ കേരള സംരംഭത്തിന്റെ ഭാഗമായി വയോജനങ്ങളിൽ ഡിമെൻഷ്യ രോഗങ്ങളെ തിരിച്ചറിയുന്നതിനുള്ള സേവന പദ്ധതികളുടെയും  ജില്ലാ പ്രൊബേഷൻ ഓഫീസിന്റെ പ്രൊബേഷൻ ആൻഡ് ആഫ്റ്റർ കെയറിന്റെ ഭാഗമായുളള വിവിധ പദ്ധതികൾ തുടങ്ങിയവയെ ബോധവൽക്കരിക്കുന്നതിനുള്ള സ്റ്റാളും മേളയിൽ ശ്രദ്ധേയമാണ്. വയോജന ക്ഷേമത്തിന്റെ ഭാഗമായി അച്ഛനമ്മമാരെ വൃദ്ധ സദനത്തിൽ ഉപേക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കി ഭിന്നശേഷിക്കാരായ കുട്ടികൾ അവതരിപ്പിക്കുന്ന  അമ്മ എന്ന സ്കിറ്റ് മേളയുടെ ഭാഗമായി ഇന്ന് (ഏപ്രിൽ 24) 4.30 ന് അരങ്ങിലെത്തും.

date