Skip to main content
ദുരന്ത നിവാരണം സമഗ്ര സമീപനം " സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവീസ് മാസ്റ്റർ വിഷയാവതരണം നടത്തുന്നു.

ദുരന്താനുഭവങ്ങളും അറിവുകളും പങ്കുവെച്ച് എന്റെ കേരളം ദുരന്തനിവാരണ സമഗ്രസമീപന സെമിനാര്‍

 

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് സാക്ഷരതാ പ്രവര്‍ത്തനം ഉണ്ടാകണമെന്നും അതുവഴി മനുഷ്യന്റെ ഭാവിയില്‍ വരുന്ന ദുരന്തങ്ങള്‍ പരിഹരിക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍. എന്റെ കേരളം മെഗാപ്രദര്‍ശന മേളയോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദുരന്ത നിവാരണം സമഗ്ര സമീപനം സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ത്രിതല പഞ്ചായത്ത്, ഉദ്യോഗസ്ഥ സംവിധാനങ്ങളിലുളളവര്‍ വരെ പങ്കാളികളാകുന്ന കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും ദുരന്തനിവാരണ പ്രവര്‍ത്തനം ഏകീകരിക്കാന്‍ തൃശൂര്‍ ജില്ലാ ഭരണകൂടം ഒരുക്കിയ സാങ്കേതിക സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ദുരന്ത നിവാരണത്തിനായി കൊണ്ടുവന്ന ജപ്പാനിലെ സെന്റയി ഫ്രെയിം വര്‍ക്ക്, നെതര്‍ലഡ്‌സ് മോഡല്‍, ഐ.പി.സി.സി റിപ്പോര്‍ട്ട് എന്നിവ ചൂണ്ടിക്കാണിച്ച് കേരളത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് വിശദീകരിച്ചു. ദുരന്ത നിവാരണ രംഗത്ത് ഒരുക്കിയ കേരള മോഡല്‍ രൂപപ്പെടുത്തിയ വഴികളും അദ്ദേഹം വിശദീകരിച്ചു. തൃശൂര്‍ ജില്ലയില്‍ ഏറ്റവും നാശനഷ്ടങ്ങള്‍ നേരിട്ട എറിയാട് പഞ്ചായത്തിലെ പ്രസിഡന്റ് കെ. പി.രാജന്‍ പ്രളയത്തിലും കടല്‍ ക്ഷോഭത്തിലും നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ചു. ഏറ്റവും കൂടുതല്‍ ആളുകളെ രക്ഷിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പദ്ധതികളും, മലക്കപ്പാറ ദുരന്തം അടക്കമുള്ള സമയങ്ങളില്‍ സ്വീകരിച്ച സമീപനങ്ങളും ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ വിശദീകരിച്ചു. നൂറ്റിഎഴുപതിലധികം സന്നദ്ധസംഘടനകളെ ആഘോളതലത്തില്‍ ഏകോപിപ്പിച്ചു നടത്തിയ പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണങ്ങളും ഐ എ ജി സംസ്ഥാന കോര്‍ഡിനേറ്റര്‍ വിജേഷ് പി അവതരിപ്പിച്ചു.

ജില്ലാ പ്ലാനിങ് ഓഫിസര്‍ എന്‍ കെ ശ്രീലത സ്വാഗതവും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍ നന്ദിയും പറഞ്ഞു.

date