Skip to main content
കോട്ടുവള്ളി പഞ്ചായത്തിൽ അങ്കണവാടിയിലെ കുട്ടികൾ മണലിൽ കൃഷിചെയ്ത ജൈവ  പച്ചക്കറിക്കൃഷി വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്യുന്നു

ഞങ്ങളും കൃഷിയിലേക്ക്; മണലില്‍  പൊന്നുവിളയിച്ച് അങ്കണവാടി കുട്ടികള്‍

 

    കോട്ടുവള്ളിയില്‍ അങ്കണവാടിയിലെ കുട്ടികള്‍ കൃഷി ചെയ്ത ജൈവപച്ചക്കറികള്‍ വിളവെടുത്തു. പഞ്ചായത്തിലെ കുട്ടന്‍തുരുത്ത് വാര്‍ഡിലെ 57-ാം നമ്പര്‍ അങ്കണവാടിയിലെ കുട്ടികള്‍ മണലില്‍ നടത്തിയ ജൈവപച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷാജി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സംസ്‌കാരം നെഞ്ചിലേറ്റുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ എല്ലാവരും ഒരേ മനസോടെ മുന്നിട്ടിറങ്ങണമെന്ന് പ്രസിഡന്റ് പറഞ്ഞു.

     സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 33 അങ്കണവാടികളില്‍ കൃഷിയാരംഭിച്ചിട്ടുണ്ട്. കുട്ടികളില്‍ കാര്‍ഷിക ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടുവള്ളി കൃഷിഭവന്‍ അങ്കണവാടികളില്‍ പച്ചക്കറിക്കൃഷിയാരംഭിച്ചത്. 
 
    കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജാ വിജു, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ സെബാസ്റ്റ്യന്‍ തോമസ്, സുനിതാ ബാലന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജ്യോതി പ്രേംനാഥ്, എസ്.പ്രശാന്ത്, കൃഷി അസിസ്റ്റന്റ് എസ്.കെ ഷിനു, കര്‍ഷകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

date