Skip to main content

സമ്പൂര്‍ണ്ണ ശുചിത്വം ലക്ഷ്യമാക്കി  എറണാകുളം ജില്ല  

    ശുചിത്വമിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ  സമ്പൂര്‍ണ്ണ ശുചിത്വം എന്ന ലക്ഷ്യമാക്കി മുന്നേറുകയാണ് എണാകുളം ജില്ല. 

    ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേന രൂപീകരിച്ചു. വീടുകള്‍തോറുമുള്ള അജൈവ മാലിന്യ ശേഖരണത്തിനും തുടക്കമിട്ടു. ശേഖരിച്ച മാലിന്യങ്ങള്‍ പുനരുപയോഗത്തിനായി മെറ്റീരിയല്‍ കളക്ഷന്‍ സെന്ററു(എം.സി.എഫ്)കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ 96 എം.സി.എഫുകളാണ് പ്രവര്‍ത്തനസജ്ജമായുള്ളത്. ഇവയ്ക്കുപുറമേ വാര്‍ഡ് തലങ്ങളില്‍ 409 മിനി എം.സി.എഫുകള്‍ പ്രവര്‍ത്തനസജ്ജമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 416 മിനി എം.സി.എഫുകള്‍ നിര്‍മാണ ഘട്ടത്തിലാണ്. ജില്ലയിലെ 16  ആര്‍.ആര്‍.എഫു കളില്‍ ബെയില്‍ ഷ്രഡ് ചെയ്ത് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കുന്നു. റോഡ് ടാറിങ്ങിനായി ആവശ്യമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഷ്രഡ് ചെയ്ത പ്ലാസ്റ്റിക് വിലയ്ക്കു നല്‍കും.

    ഹരിത കര്‍മ്മ സേനകള്‍ക്ക് ഉപയോഗിക്കുന്നതിനായി ജില്ലയില്‍ ട്രോളികളും ഇലക്ട്രിക് വാഹനങ്ങളും വാങ്ങുന്നതിനായി പ്രത്യേകം പദ്ധതികള്‍ അവതരിപ്പിച്ചു. ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ്  ആരംഭിച്ചു.

    ഗാര്‍ഹിക തലത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന്  ബയോപോട്ടുകളും ബയോബിന്നുകളും  വിതരണംചെയ്തു. കമ്മ്യൂണിറ്റി തലത്തില്‍ മുനിസിപ്പാലിറ്റികളില്‍ വിന്‍ഡോ കമ്പോസ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി 63007 കമ്പോസ്റ്റിംഗ് സംവിധാനങ്ങളും 4497 ബയോഗ്യാസ് പ്ലാന്റുകളും വിതരണം ചെയ്തു.

    വെളിയിട വിസര്‍ജ്ജനമുക്ത കാമ്പയിനിലൂടെ ഗ്രാമങ്ങളിലും നഗരങ്ങളിലും വെളിയിട വിസര്‍ജനം ചെയ്യുന്നതിനെതിരായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കര്‍ശനമായ നടപടികളും സ്വീകരിച്ചു.  ജില്ലയിലെ ഗ്രാമ, നഗര പ്രദേശങ്ങള്‍ സമ്പൂര്‍ണ വെളിയിട വിസര്‍ജന മുക്തമായി പ്രഖ്യാപിച്ചു.

    ലോക ടോയ്‌ലറ്റ് ദിനത്തില്‍ ഗ്രാമപ്രദേശങ്ങളിലെ ലോക സ്വച്ഛ ഭാരത് മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 2020 ലെ കേന്ദ്ര ജല ഊര്‍ജവകുപ്പിന്റെ അവാര്‍ഡ് എറണാകുളം ജില്ലയ്ക്ക് ലഭിച്ചു. പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സന്റീവ് ഗ്രാന്‍ഡിലൂടെ (പി.ബി.ഐ.ജി) ലഭിച്ച 25.75 കോടി രൂപ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നല്‍കുകയും 100 ശതമാനം ചിലവഴിക്കുകയും ചെയ്തു.

    ജില്ലയിലാകെ നിലവില്‍ 203 ടേക്ക് എ ബ്രേക്ക് പ്രോജക്ടുകളുണ്ട്. സെപ്‌റ്റേജ് മാലിന്യ പരിപാലനത്തിന് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് എസ്.ടി.പി കള്‍ക്ക് പിന്നാലെ ബ്രഹ്മപുരത്ത് രണ്ട് എം.എല്‍.ഡിയുടെ വലിയ പ്ലാന്റ് പദ്ധതി രൂപീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെ ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്ന തെളിനീരൊഴുകും നവകേരളം എന്ന പേരില്‍ ക്യാമ്പ് സംഘടിപ്പിച്ചു.

    മാലിന്യം വേര്‍തിരിക്കുന്നതിനെക്കുറിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അവബോധം വളര്‍ത്തുന്നതിനായി കളക്ടര്‍സ് @ സ്‌കൂള്‍ എന്ന പേരില്‍ നൂതന പദ്ധതി ആരംഭിച്ചു. ജില്ലയിലെ 600 സ്‌കൂളുകളിലാണു പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത്. പദ്ധതി കോളേജ് തലത്തിലേക്കും കളക്ടര്‍സ് @ കോളേജ് എന്ന പേരില്‍ വ്യാപിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജിന് ഇത്തരത്തില്‍ ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ജില്ലയിലെ ആയിരം ഓഫീസുകളെ ഗ്രീന്‍ ഓഫീസുകളായി ഉയര്‍ത്തി.
പ്ലാസ്റ്റിക് കത്തിക്കരുത് കത്തിച്ച് രോഗികളാകരുത് എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചു. സ്‌കൂളുകളും പ്രധാന കവലകളും കേന്ദ്രീകരിച്ച് പ്രമുഖ പാവകളി കലാകാരന്‍ വിനോദ് നരനാട്ടിന്റെ മങ്കി ഷോയും സംഘടിപ്പിച്ചു.അജൈവ മാലിന്യ സംസ്‌കരണ രംഗത്തേക്ക് പൊതു ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധ ഒരുപോലെ കൊണ്ടുവരുന്നതിന് വീടും സ്ഥലവും വില്പനയ്ക്ക് എന്ന പേരില്‍ ഷോര്‍ട്ട് ഫിലിം നിര്‍മിച്ച് പ്രചരിപ്പിച്ചു.

date