Skip to main content

സാമൂഹ്യനീതി വകുപ്പിന്റെ അഞ്ചുവർഷത്തെ പദ്ധതി രൂപരേഖ തയ്യാറാക്കാൻ  ശില്പശാല ഇന്ന് (ഏപ്രിൽ 26)

സാമൂഹ്യനീതി വകുപ്പിന്റെ അടുത്ത അഞ്ചുവർഷത്തെ പദ്ധതികളുടെ രൂപരേഖ തയ്യാറാക്കാനുള്ള ശില്പശാല ചൊവ്വ, ബുധൻ (ഏപ്രിൽ 26, 27) ദിവസങ്ങളിൽ നടക്കും.  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം ഐഎംജിയിലാണ് രണ്ടുദിവസത്തെ ശില്പശാല.
വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡറുകൾ, പ്രൊബേഷൻ തടവുകാർ, കുറ്റകൃത്യങ്ങൾക്ക് ഇരയായവർ, മറ്റു ദുർബലവിഭാഗങ്ങൾ തുടങ്ങിയവർക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാമൂഹ്യനീതി വകുപ്പിന്റെ പ്രവർത്തനങ്ങളും പദ്ധതികളും ക്രമീകരിക്കുന്നതിനാണ്   ശില്പശാല.
ഓരോ മേഖലയിലെയും വിഷയ വിദഗ്ധർ, അതാത് വിഭാഗങ്ങളുടെ പ്രതിനിധികൾ, വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുക്കും.
സമൂഹത്തിലെ അരികുവത്ക്കരിക്കപ്പെട്ടവർക്ക് നിലവിൽ നടപ്പിലാക്കിവരുന്ന പദ്ധതികളും പ്രവർത്തനങ്ങളും ശില്പശാല വിശകലനം ചെയ്യുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കാതലായ മാറ്റങ്ങൾ വരുത്തി പദ്ധതി നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനാണ് ശില്പശാല ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യകൾ കൂടി പ്രയോജനപ്പെടുത്തി ഈ ജനവിഭാഗങ്ങളെ  സ്വയം പര്യാപ്തമാക്കാനും അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള പ്രവർത്തനങ്ങൾക്ക് ശില്പശാല രൂപം നൽകും.
ശില്പശാലയിൽ ഉരുത്തിരിയുന്ന ആശയങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് അടുത്ത അഞ്ചുവർഷം നടപ്പാക്കേണ്ട സമഗ്ര പദ്ധതിരേഖ ശില്പശാല തയ്യാറാക്കും- മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്. 1667/2022
 

date