Skip to main content

കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കൽ; കേരളത്തിന്റെ ആവശ്യം നിരസിച്ച കേന്ദ്ര നിലപാട് നിരാശാജനകം: മന്ത്രി എ.കെ.ശശിന്ദ്രൻ

കാട്ടുപന്നികൾ ആവാസ വ്യവസ്ഥയിലെ അഭിവാജ്യഘടകമാണെന്നും അതിനാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും രേഖപ്പെടുത്തി കേരളത്തിന്റെ അപേക്ഷ നിരസിച്ച കേന്ദ്ര സർക്കാരിന്റെ തീരുമാനം നിരാശാജനകമാണെന്നും അംഗീകരിക്കാൻ കഴിയാത്തതാണെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
കാട്ടുപന്നികൾ കടുവകൾക്കും പുലികൾക്കുമുള്ള ഇരകളാണെന്നും അവയെ നശിപ്പിച്ചാൽ ആവാസ വ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രിയുടെ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നിരവധി തവണയായി കേരള സർക്കാർ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടി ഒരു നിശ്ചിതകാലത്തേക്ക് കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നേരത്തെ ആവശ്യപ്പെട്ട പ്രകാരം ഹോട്ട് സ്പോട്ട് വില്ലേജുകളുടെ പട്ടികയും സംസ്ഥാന സർക്കാർ നൽകിയിരുന്നു. ഇതും തള്ളിയതോടെയാണ് 2022 മാർച്ചിൽ മന്ത്രി കേന്ദ്രമന്ത്രിക്ക് ഈ വിഷയത്തിൽ വ്യക്തിപരമായശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചത്. ഇതിന് മറുപടിയായാണ് ഇപ്രകാരം അറിയിച്ചിട്ടുള്ളതും നേരത്തെ നിർദ്ദേശിച്ച പ്രകാരം, വകുപ്പ് 11(1) (ബി) പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പരിമിതമായ അധികാരം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുള്ളതും. ഉത്തരാഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങൾക്ക് 2016-ൽ ഒരു വർഷത്തേക്ക് നൽകിയതുപോലുള്ള അനുമതിയെങ്കിലും കേരളത്തിന് ലഭിച്ചാൽ ജനങ്ങൾക്ക് ആശ്വാസകരമായി തീരുമായിരുന്നു. എന്നാൽ തുടർച്ചയായി കേന്ദ്രം നിഷേധാത്മക നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചു വരുന്നത്.
ഈ വിഷയത്തിൽ നിയമം അനുവദിക്കുന്ന രീതിയിൽ സംസ്ഥാന സർക്കാരിന് ചെയ്യാവുന്ന പരമാവധി കാര്യങ്ങൾ ചെയ്യുമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള കാലാവധി മേയ് മുതൽ വീണ്ടും ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്നും മന്ത്രി എ.കെ.ശശിന്ദ്രൻ അറിയിച്ചു.
പി.എൻ.എക്‌സ്. 1672/2022

date