Skip to main content

കതിരൂർ പുല്യോട് ഗവ എൽ.പി സ്കൂൾ  കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു

 

കതിരൂർ പുല്യോട് ഗവ എൽ പി സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം മന്ത്രി പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുക ലക്ഷ്യമിട്ടാണ് സ്ക്കൂളുകളെ ഹൈടെക്കാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു നാടിൻ്റെ സ്വപ്നമാണ് ഇതിലൂടെ പൂവണിയുന്നത്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ജത്തിൻ്റെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപ ചിലവഴിച്ച്  പണിത എട്ട് ക്ലാസ് മുറികളുള്ള കെട്ടിടത്തിൻ്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. വിദ്യാലയത്തിൽ ഇപ്പോൾ 200 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും നല്ല ലോവർ പ്രൈമറി സ്കൂൾ എന്ന ഖ്യാതിയും തലശ്ശേരി സബ്ജില്ലയിലെ പുല്യോട് സ്കൂളിനുണ്ട്. വിശാലമായ സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടം പുല്യോട് എൽ.പി.സ്കൂളിൻ്റെ ചിരകാല സ്വപ്നമായിരുന്നു.
ചടങ്ങിൽ അഡ്വ എ എൻ ഷംസീർ എം എൽ എ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എഞ്ചിനിയർ കെ.ജിഷ കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാലയ അങ്കണത്തിൽ ഒരുക്കിയ ശലഭോദ്യാനം ജില്ല പഞ്ചായത്ത് അംഗം എ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. എൽ എസ് എസ് വിജയികൾക്ക് കതിരൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സനിൽ ഉപഹാരം നൽകി. എസ് എസ് കെ പദ്ധതി വിശദീകരണം രമേശ് കടൂർ നിർവഹിച്ചു.
പാനൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രമേശ് കണ്ടോത്ത് വാർഡ് മെമ്പർ എ വേണുഗോപാൽ, സ്കൂൾ വികസന സമിതി ചെയർമാൻ കാരായി രാജൻ, തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ രഞ്ചിത്ത് കുമാർ, എസ് എസ് കെ തലശ്ശേരി നോർത്ത് ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ സി ബാലചന്ദ്രൻ, എച്ച് എം ഫോറം സിക്രട്ടറി കെ ഷീജിത്ത്, എം സി പവിത്രൻ, പുത്തലത്ത് സുരേഷ് ബാബു, പി  അജിത്ത്, എ പ്രേമരാജൻ മാസ്റ്റർ, സി സജീവൻ പി ടി എ പ്രസിഡൻ്റ് കാരായി മുരളീധരൻ, മദർ പി ടി എ പ്രസിഡൻ്റ് സി കെ സെറീന, പ്രധാന അധ്യാപകൻ എം വി രാജൻ എന്നിവർ പ്രസംഗിച്ചു

date