Skip to main content

അവലോകന യോഗം ചേർന്നു കൊട്ടിയൂർ മഹോൽസവം: കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ നടത്തും

മെയ് 10 മുതൽ ജൂൺ 10 വരെ നടക്കുന്ന കൊട്ടിയൂർ മഹാദേവക്ഷേത്രം വൈശാഖ മഹോൽസവം നടത്തിപ്പിന്റെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ കൊട്ടിയൂർ ദേവസ്വം ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം കളക്ടറേറ്റിൽ ചേർന്നു. സണ്ണി ജോസഫ് എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ഉത്സവത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി പ്രത്യേക സർവ്വീസുകൾ നടത്താൻ യോഗം തീരുമാനിച്ചു. ഉൽസവ സമയത്തെ അനധികൃത വാഹന സർവീസും പാർക്കിങ്ങും നിയന്ത്രിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.  കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടാവും ഉത്സവ നടത്തിപ്പെന്ന് ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ അറിയിച്ചു.
ഭക്തരുടെ താമസത്തിനായി നിലവിലുള്ള കൈലാസം, ഗംഗ, മഹാദേവ വിശ്രമകേന്ദ്രങ്ങൾക്ക് പുറമെ മന്ദംചേരിയിൽ രണ്ട് നിലകളുള്ള സത്രവും നിലവിലെ ഷോപ്പിംഗ് കോംപ്ലക്സിന് മുകളിൽ ഒമ്പത് മുറികളുള്ള വിശ്രമ കേന്ദ്രവും ഒരുങ്ങിക്കഴിഞ്ഞു. വാഹന പാർക്കിംഗിന് നിലവിലെ അഞ്ച് പാർക്കിംഗ് യാർഡുകൾ സജ്ജമാണ്. തിരക്ക് നിയന്ത്രിക്കാനും മറ്റുമായി 300 വളണ്ടിയർമാരെ നിയോഗിക്കും. ശുചീകരണ പ്രവൃത്തികൾ കാര്യക്ഷമമാക്കും. ശൗചാലയങ്ങളിൽ ജലലഭ്യത ഉറപ്പ് വരുത്തും.
അക്കര ഇക്കര ക്ഷേത്രനഗരികളിൽ ശുദ്ധജലമെത്തിക്കാൻ നിലവിലെ ഏഴ് കിണറുകൾ ഉപയോഗപ്പെടുത്തും. കിണറുകളിലെ ജലം വാട്ടർ പ്യൂരിഫയർ സഹായത്തോടെ ശുദ്ധീകരിച്ച് പ്രത്യേക പൈപ്പുകൾ വഴി വിതരണം ചെയ്യും. കിണറുകൾ ചളി കോരി വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുന്ന പ്രവൃത്തികൾ തുടങ്ങി.
ഉത്സവ നഗരിയിൽ ഹരിത മാനദണ്ഡങ്ങൾ നടപ്പാക്കും. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ അനുവദിക്കില്ല. ജൈവ മാലിന്യ ശുചീകരണത്തിന് മാത്രം 35 തൊഴിലാളികളെ നിയോഗിക്കും. ജൈവ മാലിന്യ സംസ്‌കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കും. ബയോ ഡീഗ്രേഡബിൾ കവറുകളിലാവും പ്രസാദ വിതരണം നടത്തുക. അക്കര കൊട്ടിയൂർ ക്ഷേത്രം, ഇക്കര കൊട്ടിയൂർ കിഴക്കെ നട, നടുക്കുനി, മന്ദം ചേരി എന്നിവിടങ്ങളിൽ വഴിപാട് കൗണ്ടറും പ്രസാദ വിതരണ കൗണ്ടറും ഒരുക്കും.
നിലവിലെ അന്നദാന കയ്യാലക്ക് പുറമെ ഒരു അന്നദാന ഹാൾ കൂടി നിർമ്മിച്ച് അക്കര കൊട്ടിയൂരിൽ ഭക്തർക്കുള്ള അന്നദാനം വിപുലപ്പെടുത്തും. ക്ഷേത്ര ദർശനം സുഗമമാക്കാനായി അക്കര കൊട്ടിയൂരിൽ ഫ്ളൈ ഓവറും നിർമ്മിച്ചു.
പേരാവൂർ-കൊട്ടിയൂർ റോഡിൽ നടക്കുന്ന ട്രഞ്ചിംഗ് പ്രവൃത്തികൾ ഉൽസവത്തിന്റെ ഭാഗമായി താൽക്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് വകുപ്പിനും ജല അതോറിറ്റിക്കും കലക്ടർ നിർദ്ദേശം നൽകി. ക്രമസമാധാന പാലനവും ട്രാഫിക് നിയന്തണവും പോലീസ് ഉറപ്പ് വരുത്തും. ഇതിന് വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ സേനയെ നിയോഗിക്കും. കൊട്ടിയൂർ പമ്പ് ഹൗസ് വഴിയുള്ള ശുദ്ധജല വിതരണം വാട്ടർ അതോറിറ്റി ഉറപ്പാക്കും.
കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് മരുന്നും 24 മണിക്കൂർ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ആരോഗ്യ വകുപ്പിന്റെ ആബുലൻസ് സേവനവും ഉണ്ടാവും. അക്കര കൊട്ടിയൂരിലെ ആരോഗ്യ ക്ലിനിക്കിനുള്ള സൗകര്യം ദേവസ്വം ബോർഡ് ഉറപ്പാക്കും.
ഉൽസവകാലത്ത് കൊട്ടിയൂർ പഞ്ചായത്ത് പ്രദേശം യാചക നിരോധിത മേഖലയാകുന്നതിനുള്ള പ്രായോഗിക നടപടികൾ സ്വീകരിക്കും. ക്ഷേത്രനഗരിയിൽ അപകടാവസ്ഥയിലുള്ള മരക്കൊമ്പുകൾ മുറിച്ച് മാറ്റുന്നതിനുള്ള ദേവസ്വം ബോർഡിന്റെ അപേക്ഷയിൻമേൽ വേഗം നടപടിയെടുക്കാൻ സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദ്ദേശം നൽകി. ഉൽസവ നഗരിയിൽ എക്സൈസ് വകുപ്പിന്റെ പ്രത്യേക ടീം നിത്യവും പരിശോധന നടത്തും. അഗ്നി സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കും. സേനാംഗങ്ങൾക്ക് പുറമെ സിവിൽ ഡിഫൻസ് ടീം അംഗങ്ങളുടെ സഹായവും ലഭ്യമാകും. കെ എസ് ഇ ബി ഇലക്ട്രിക് ലൈൻ ടച്ചിംഗ് വൃത്തിയാക്കൽ തുടങ്ങി. ഉൽസവ നഗരിയിലെയും താൽക്കാലിക കച്ചവട സ്ഥാപനങ്ങളിലേക്കും വൈദ്യുതി ബന്ധങ്ങൾ ഇലക്ടിക്കൽ ഇൻസ്പെക്ടറേറ്റിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് പരിശോധിച്ച് നിയന്ത്രിക്കും. ഉൽസവ നഗരിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുത്തിയതായും ദേവസ്വം ചെയർമാൻ അറിയിച്ചു. എ ഡി എം കെ കെ ദിവാകരൻ, മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ എം വി സദാശിവൻ, മറ്റ് വകുപ്പുദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു

date