Skip to main content

ഫയലുകൾ തടഞ്ഞു വെക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

അനാവശ്യമായി ഫയലുകൾ തടഞ്ഞുവയ്ക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കണ്ണപുരം പഞ്ചായത്തിൽ ഫയൽ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ആനുകൂല്യം നൽകാതിരിക്കാനുള്ള കാരണമായി നിയമത്തെ കാണരുത്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷമായിട്ടും തുടരുന്ന ചില ബ്രിട്ടീഷ് നിയമങ്ങളെ പുന:പരിശോധിക്കേണ്ടതുണ്ട്. ഫയലുകളെ അനാവശ്യമായി തട്ടിക്കളിക്കുന്ന രീതികൾ മാറ്റണം. പുതിയ വിജിലൻസ് സംവിധാനത്തിലൂടെ ഇത്തരം അനാസ്ഥകൾക്ക് പരിഹാരം കാണുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനപക്ഷത്തുനിന്ന് പരാതികൾ തീർപ്പാക്കുന്ന നിലപാടാണ് സർക്കാരിന്റേത്- മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിലിൽ തന്നെ തീർപ്പാക്കണം. ബാക്ക് ഫയലുകൾ ഉണ്ടാവരുത്. പഞ്ചായത്ത്തലത്തിൽ പരിഹരിക്കാനാവാത്ത ഫയലുകൾ ജില്ലാതലത്തിൽ പരിഗണിക്കും. അവിടെയും തീർപ്പായില്ലെങ്കിൽ സംസ്ഥാന തല അദാലത്തിൽ അവയ്ക്ക് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
15 പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ ഏഴെണ്ണം തീർപ്പായി. അപാകത പരിഹരിക്കാൻ ഏഴെണ്ണത്തിന് സമയം നൽകി. ഒരു അപേക്ഷ പിന്നീട് പരിഗണിക്കും. കെട്ടിടങ്ങളുടെ പെർമിറ്റ്, നമ്പറിംഗ്, ലൈസൻസ് തുടങ്ങിയ പരാതികളാണ് അദാലത്തിൽ  പരിഗണിച്ചത്.

കണ്ണപുരം ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ  പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷത വഹിച്ചു. വാതിൽപ്പടി സേവനങ്ങൾക്കായി പഞ്ചായത്ത് ജീവനക്കാർ  സ്വരൂപിച്ച തുക മന്ത്രി പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശൻ, എൽ എസ് ജി ഡി ജില്ലാ ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ, ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ പി നിധീഷ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം സീനിയർ സൂപ്രണ്ട് കെ എൻ അനിൽ, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ യു വി രാജീവൻ, അസി. എഞ്ചിനീയർ വി എസ് സപ്ന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date