Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍25-04-2022

പട്ടയ കേസുകൾ മാറ്റി
ഏപ്രിൽ 26 ചൊവ്വ കലക്ടറേറ്റിൽ വിചാരണ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ മെയ് 19ലേക്കും ഏപ്രിൽ 27, 28 തീയ്യതികളിലെ കേസുകൾ മെയ് 25ന് രാവിലെ 11 മണിയിലേക്കും മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത തലശ്ശേരി താലൂക്ക് എരുവട്ടി അംശം വെണ്ടുട്ടായി ദേശത്ത് റി സ 51/3ൽ പ്പെട്ട 0.0290 ഹെക്ടർ സ്ഥലവും അതിലുൾപ്പെട്ട വസ്തുക്കളും മെയ് 27ന് രാവിലെ 11 മണിക്ക് എരുവട്ടി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ തലശ്ശേരി റവന്യൂ റിക്കവറി ഓഫീസിൽ ലഭിക്കും.  ഫോൺ: 0490 2322090.

വൈദ്യുതി മുടങ്ങും
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ  വാവൽമട, പട്ടുവം, കരുവാടകം, ഹാജിമുക്ക്, തട്ടുമ്മൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 26 ചൊവ്വ രാവിലെ  ഒമ്പത് മുതൽ വൈകിട്ട് അഞ്ച്  മണി വരെ  വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ വനിത ഇൻഡസ്ട്രി, ഫ്രഞ്ച് പെറ്റ്, പ്രഗതി ഫുഡ്സ്, ചട്ടുകപാറ ടവർ, ചെറാട്ടു മൂല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ 26 ചൊവ്വ രാവിലെ 9.30 മുതൽ 11.30 വരെയും വണിയഞ്ചാൽ, പുന്നക്കാമൂല, കൊങ്ങിണാംകോട്, എച്ചൂർ ബസാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കൽ സെക്ഷനിലെ വളപട്ടണം മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റ്, ഫെറി റോഡ്, മാർക്കറ്റ് റോഡ്, ഹിന്ദുസ്ഥാൻ കമ്പനി പരിസരം, പ്രീമിയർ കമ്പനി പരിസരം, കെ എൽ അബ്ദുൾ സത്താർ കമ്പനി പരിസരം എന്നിവിടങ്ങളിൽ ഏപ്രിൽ 26 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും
ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ നടയിൽപ്പീടിക ഭാഗങ്ങളിൽ ഏപ്രിൽ 26 ചൊവ്വ  രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുടിയാന്മല ഭാഗങ്ങളിൽ ഏപ്രിൽ 26 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ  ശിവപുരം മെട്ട, ഇടപ്പഴശ്ശി, ഉരുവച്ചാൽ, പഴശ്ശി, വട്ടോന്നി, കരേറ്റ, കക്കാട്ടുപറമ്പ്, ഈശ്വരോത്ത്  അമ്പലം എന്നീ ഭാഗങ്ങളിൽ ഏപ്രിൽ 26 രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

വൈദ്യുതി പ്രവഹിപ്പിക്കും

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ പുതുതായി സ്ഥാപിച്ച കണിയാർവയൽ മുതൽ പെരുവളത്തുപറമ്പ് വരെയുള്ള അണ്ടർഗ്രൗണ്ട് കേബിൾ, തലക്കോട് നവോദയ, ചെടിച്ചേരി ദേശമിത്രം, വയക്കര സ്വലാഹുദ്ദീൻ പള്ളി എന്നീ ട്രാൻസ്‌ഫോർമറുകൾ, പെരുവളത്തു പറമ്പിൽ നിന്നും സ്വലാഹുദീൻ പള്ളി വരെയുള്ള 750 മീറ്റർ 11 കെ വി ലൈൻ, ബാലൻകരി മുതൽ കാഞ്ഞിലേരി വരെയുള്ള ഒരു കിലോമീറ്റർ ലൈൻ, സ്വാമിമൊട്ട മുതൽ ചിസ്തി നഗർ വരെയുള്ള എ ബി സി കേബിൾ എന്നിവയിൽ കൂടി ഏപ്രിൽ 26 മുതൽ വൈദ്യുതി പ്രവഹിപ്പിക്കും. ഇനി മുതൽ ഇവ സ്പർശിക്കുവാനോ വൈദ്യുതി ലൈനിന് സമീപം ഇരുമ്പ് തോട്ടി കൊണ്ടുവരാനോ, അണ്ടർഗ്രൗണ്ട് കേബിൾ റൂട്ടിൽ കുഴിക്കാനോ, ലൈനിനോട് ചേർന്ന് മരം നടാനോ, കെട്ടിടം നിർമ്മിക്കാനോ പാടില്ലെന്നും അസി. എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
 
അസാപ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ഐ ടി, മീഡിയ മേഖലക്ക് കീഴിലെ കോഴ്സുകൾ പഠിച്ചവർക്ക് അസാപ് കേരള 100 ശതമാനം സ്‌കോളർഷിപ്പ് നൽകുന്നു. പ്ലസ്ടു, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, പ്രൊഫഷണലുകൾ തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം. ഐഐടി പാലക്കാട്, അഡോബ്, റെഡ്ഹാറ്റ്, എൽ ആൻഡ് ടി എഡ്യൂടെക്, ഡിജിപെർഫോം തുടങ്ങിയ അംഗീകൃത സ്ഥാപനങ്ങളാണ് കോഴ്‌സുകൾ സാക്ഷ്യപ്പെടുത്തിയത്. അർഹതയുള്ളവർ www.asapkerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും സ്‌കോളർഷിപ്പ് ടെസ്റ്റിൽ പങ്കെടുക്കുകയും വേണം. സമ്പൂർണ പൈത്തൺ കോഴ്‌സ്, ബിസിനസ് അനലറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ്, സൈബർ സുരക്ഷ, എ ഡബ്ല്യൂ എസ് ക്ലൗഡ് കംപ്യൂട്ടിംഗ്, വെബ് ആന്റ് യുഐ ഡിസൈൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റാ മാനേജ്‌മെന്റ ആന്റ് പൈത്തൺ  ലിനക്സ് അഡ്മിനിസ്ട്രേറ്റർ ലെവൽ ഒന്ന്, രണ്ട്, മൂന്ന്, ഫുൾ സ്റ്റാക്ക് ജാവ/നെറ്റ് മീൻ സ്റ്റാക്ക് തുടങ്ങിയവ 100 ശതമാനം സ്‌കോളർഷിപ്പും പ്ലേസ്മെന്റ് സഹായവുമുള്ള കോഴ്സുകളാണ്. ഫോൺ: 9495999681, 9495999661, 9495999692.

പരിശീലകരുടെ പാനൽ തയ്യാറാക്കുന്നു

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ ജില്ലയിൽ നിന്നും പരിശീലകരുടെ പാനൽ തയ്യാറാക്കുന്നു.  ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലുമുള്ള പ്രവൃത്തി പരിചയവും, ബിരുദവും രണ്ട് വർഷത്തെ കുട്ടികളുടെ മേഖലയിലോ പരിശീലന മേഖലയിലോ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.  താൽപര്യമുള്ളവർ ബയോഡാറ്റ, ഉയർന്ന യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതമുള്ള അപേക്ഷ മെയ് 13നകം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പൽ ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സ്, റൂം നമ്പർ  എസ് 6, ചിറക്കര, തലശ്ശേരി പി ഒ, 670104 എന്ന വിലാസത്തിൽ സമർപ്പിക്കണം.  ഫോൺ: 0490 2967199.

താൽക്കാലിക നിയമനം

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കരാറാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത: എംഫിൽ/ആർസിഐ രജിസ്ട്രേഷനോടെ പിജിഡിസിപിയിൽ ക്ലിനിക്കൽ സൈക്കോളജി. യോഗ്യരായ ഉദ്യോഗാർഥികൾ അവരുടെ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ആധാർ കാർഡിന്റെയും പകർപ്പുകൾ ഏപ്രിൽ 28ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി c3dmohknr@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം. ഉദ്യോഗാർഥികൾ മേൽ പറഞ്ഞ രേഖകളുടെ അസ്സൽ സഹിതം ഏപ്രിൽ 29 ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2700709

തെളിനീരൊഴുകും നവകേരളം ക്യാമ്പയിൻ ത്വരിതപ്പെടുത്തും

ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച 'തെളിനീരൊഴുകും നവകേരളം' ക്യാമ്പയിൻ ത്വരിതപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പിദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല സെൽ യോഗം തീരുമാനിച്ചു. ക്യാംപയിന്റെ ആദ്യഘട്ടപ്രവർത്തനങ്ങൾ ഭൂരിഭാഗം പഞ്ചായത്തുകളിലും മികച്ച രീതിയിൽ നടന്നതായി യോഗം വിലയിരുത്തി. സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, എൻഎസ്എസ് വളണ്ടിയർമാരുടെ സേവനങ്ങൾ വാർഡ് തലത്തിലെ ശുചീകരണ യജ്ഞത്തിന് ഉപയോഗപ്പെടുത്താൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകും. ജലപരിശോധന നടത്താനുള്ള തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന പരിശീലനം ഒരാഴ്ച്ചക്കകം പൂർത്തിയാക്കാൻ നിർദേശം നൽകി. കൂടാതെ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് തദ്ദേശസ്ഥാപനങ്ങൾ സമർപ്പിക്കണം. പുഴയിൽ നിന്ന് ചെളി നീക്കംചെയ്യുന്ന പ്രവൃത്തി മോണിറ്റർ ചെയ്ത് തുടർപ്രവൃത്തിക്കായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാതല സെൽ യോഗം തീരുമാനിച്ചു. ശുചിത്വ മിഷൻ, നവകേരളം കർമപദ്ധതി, കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർമാർ, വിവിധ ജില്ലാ മേധാവികൾ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഔഷധ ഉദ്യാനവും യോഗ പരിശീലനവും തുടങ്ങി
 
എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലെ ഗവ. ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായി ഔഷധ ഉദ്യാനത്തിന്റെയും യോഗ പരിശീലനത്തിന്റെയും ഉദ്ഘാടനം എ എൻ ഷംസീർ എംഎൽഎ നിർവഹിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ അധ്യക്ഷത വഹിച്ചു. അനീമിയ പ്രതിരോധ പദ്ധതിയായ 'അരുണിമ' ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. നാഷണൽ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ സി അജിത്ത് കുമാർ പദ്ധതി വിശദീകരിച്ചു. യോഗ അസോസിയേഷൻ സ്റ്റേറ്റ് ട്രെയിനിങ്ങ് മാസ്റ്റർ എ കെ സുഗുണൻ യോഗ ക്ലാസെടുത്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആർ വസന്തൻ, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ബിജു, സ്ഥിരംസമിതി അധ്യക്ഷരായ ആർ എൽ സംഗീത, ചന്ദ്രോത്ത് ഷാജി, എരഞ്ഞോളി ഗവ.ആയുർവ്വേദ ഡിസ്പെൻസറി എച്ച് എം സി അംഗം ഇ കെ ജനാർദ്ദനൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ.എൻ പി ഷീന വിജയൻ എന്നിവർ സംസാരിച്ചു.

പടം) എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ ആയുർവ്വേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററായി ഉയർത്തുന്നതിന്റെ ഭാഗമായുള്ള ഔഷധ ഉദ്യാനവും യോഗ പരീശീലന ക്ലാസും എ എൻ ഷംസീർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

യുക്രൈൻ: തിരിച്ചെത്തിയ വിദ്യാർഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്

യുക്രൈനിൽ നിന്നും തിരിച്ചെത്തിയ വിദ്യാർഥികളുമായി സംവദിക്കുന്നതിനും തുടർ പഠനവമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി നോർക്കയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ  യോഗം വിളിച്ചു ചേർക്കുന്നു. ഏപ്രിൽ 30ന് ഉച്ചക്ക് 2.30 മുതൽ വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാർ ഗോൾഫ് ലിങ്കിലെ ഉദയ കൺവെൻഷൻ സെന്ററിലാണ് യോഗം.

വിദ്യാർഥികൾക്ക് തങ്ങളുടെ പ്രശ്‌നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയിൽ സംഘടിപ്പിക്കുന്ന യോഗത്തിൽ നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ ഹരികൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംബന്ധിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും http://ukraineregistration.norkaroots.org എന്ന ലിങ്കിൽ മുൻ കൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.
രജിസ്റ്റർ ചെയ്തവർക്ക്  നേരിട്ടോ ഓൺലൈനായോ യോഗത്തിൽ പങ്കെടുക്കാം. ഓൺലൈനായി പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് മീറ്റിംഗ് ലിങ്ക് രജിസ്ട്രേഡ് മൊബൈൽ നമ്പറിലും ഇ-മെയിലിലും ലഭ്യമാക്കും. യുക്രൈൻ യുദ്ധം മൂലം പഠനം തടസപ്പെട്ട വിദ്യാർഥികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഏപ്രിൽ നാലിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിദ്യാർഥികളുടെ യോഗം വിളിക്കാനും വിവര ശേഖരണത്തിനായി വെബ് പോർട്ടൽ രൂപീകരിക്കാനും തീരുമാനിച്ചത്

date